കാഞ്ഞങ്ങാട്: നഗരസഭ കൗൺസിൽ യോഗത്തിൽ ഇന്നലെ വെച്ച 2018-19 ഓഡിറ്റ് റിപോർട്ടിലെ വ്യാപകമായ അപകാതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ചു. നേരത്തെ ഇറങ്ങിയ 2017-18 വർഷത്തെ ഓഡിറ്റ് റിപോർട്ടിലെ കാര്യങ്ങൾ ചട്ടപ്രകാരം ഒരു മാസത്തിനകം വിശദമായി ചർച്ചകൾക്ക് വെക്കാത്തതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. 2018-19 വർഷത്തിൽ നിരവധി അപാകതകളാണ് ഓഡിറ്റ് റിപോർട്ടിലുള്ളത്.

അതെല്ലാം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഓഫീസ് ഉത്തരവുകൾ ലഭ്യമല്ലാത്തതും ജീവനക്കാരുടെ പേഴ്സണൽ രജിസ്റ്റർ ലഭ്യമല്ലാത്തതും ഓഡിറ്റ് റിപോർട്ടിലുണ്ട്. ജീവനക്കാരുടെ യോഗം 2018-19 വർഷത്തിൽ വെറും മൂന്ന് പ്രാവശ്യം മാത്രം ചേർന്നതെന്നും ഓഡിറ്റ് റിപോർട്ടിലുണ്ട്. നഗരസഭ തൊഴിൽ നികുതി പിരിക്കാത്തതും ഓഡിറ്റ് റിപോർട്ടിലുണ്ട്. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും മാലിന്യം നിക്കം ചെയ്ത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ക്ഷണിച്ചതും കരാർ പത്രമില്ലാത്തതും ഓഡിറ്റ് റിപോർട്ട് ചൂണ്ടിക്കാട്ടി. അപാകതകൾ ഒരു മാസത്തിനകം പരിഹരിക്കാമെന്ന് ഭരണ പക്ഷം ഉറപ്പ് നൽകി.

അപാകതകൾ ഉണ്ടായതായി ഭരണപക്ഷവും സമ്മതിച്ചു. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ചർച്ചകളിൽ കെ.കെ ജാഫർ, ടി.കെ സുമയ്യ, ടി മുഹമ്മദ് കുഞ്ഞി, സെവൻസ്റ്റാർ അബ്ദുറഹ്മാൻ, അഷ്റഫ് ബാവനഗർ, ബിനീഷ്, പള്ളിക്കൈ രാധാകൃഷ്ണൻ, സി. ജാനകികുട്ടി സംബന്ധിച്ചു.