കാസർകോട്:അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനത്തിന് കാസർകോട് ഒരുങ്ങുന്നു. ഈ മാസം 21 ന് കാസർകോട് നടക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനത്തിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വരവിനെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘടനാതലത്തിൽ നടന്നുവരുന്നത്.
പ്രചരണ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 16 ന് ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പതാകദിനത്തിന്റെ ഭാഗമായി പാർട്ടി പതാക ഉയർത്തും. തുടർന്ന് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മഹിളാ പദയാത്രകൾ, ബൈക്ക് റാലി, ഗൃഹസമ്പർക്കം എന്നിവ നടക്കും. കാസർകോട് ടൗൺ കേന്ദ്രീകരിച്ച് ജില്ലയിലെ മുഴുവൻ മഹിളാ പ്രവർത്തകരെയും സംഘടിപ്പിച്ച് മഹിളാ വിളംബര ജാഥ നടത്തും.19 ന് ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിജയദീപം തെളിയിക്കും.
യാത്രയ്ക്ക് മുന്നോടിയായി കെ. സുരേന്ദ്രൻ 20 ന് കാസർകോട് ജില്ലയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. 21 ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. മംഗളുരു വിമാനത്താവളം വഴി എത്തുന്ന യു.പി. മുഖ്യമന്ത്രിയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികൾക്ക് ശേഷം മാർച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സംഘാടക സമിതി യോഗം ഇന്നലെ ബി. ജെ .പി ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന് യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും വിജയ യാത്രയുടെ വിജയത്തിനായി രംഗത്തിറങ്ങുകയാണ്. യു പി മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി എത്തുന്ന യോഗി ആദിത്യനാഥിന് വീരോചിത വരവേൽപ് നൽകും. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രീണന, അഴിമതി രാഷ്ട്രീയം മടുത്ത ജനവിഭാഗം മാറ്റത്തിനായി ഒപ്പം ചേരും .
അഡ്വ. കെ .ശ്രീകാന്ത്,( ബി ജെ പി കാസർകോട് ജില്ലാ പ്രസിഡന്റ് )