തൃക്കരിപ്പൂർ: അരക്ഷിത ബാല്യം ദൃശ്യവൽക്കരിച്ച് കൊച്ചു സിനിമ ഒരുങ്ങുന്നു. തല എത്രയ്ക്കുയർന്നാലും തറയിൽ കാലുറയ്ക്കണം എന്ന സന്ദേശമുൾക്കൊള്ളുന്ന ആകാശഭൂമി കുട്ടികൾക്കായുള്ളതാണ്.
തിരയും നുരയും മേലെ മാത്രമാണെന്നും അടിയിൽ ചളിയും ചുഴിയുമുള്ള കടൽ പോലെയാണ് ജീവിതമെന്ന് ചിത്രം കുട്ടികളെ ഓർമിപ്പിക്കുന്നു. നൂലു പൊട്ടിയാൽ ഏത് പട്ടവും മുൾക്കാട്ടിലോ പൊട്ടക്കിണറ്റിലോ പോയി വീഴുമെന്നും ജീവിതവും ഇതുപോലെയാണെന്നും സിനിമ കുട്ടികളെ ഓർമ്മിപ്പിക്കുന്നു. നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ കൈകാര്യം ചെയ്ത റിട്ട. അദ്ധ്യാപകൻ അരവിന്ദൻ പിലിക്കോടാണ് മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശൻ കരിവെള്ളൂരാണ് രചനയും സംവിധാനവും.
നിരവധി ബാലതാരങ്ങളോടൊപ്പം സന്തോഷ് കുമാർ കരിവെള്ളൂരും ഗംഗാധരനും സന്ധ്യയും വേഷമിടുന്നു. രാഗേഷ് മാലോട്ടാണ് കാമറാമാൻ. ശ്രീ ക്രിയേഷൻസ് ആണ് നിർമാതാക്കൾ. സിനിമയുടെ സ്വിച്ച് ഓൺ വലിയപറമ്പ് പഞ്ചായത്തിലെ വാർഡ് മെമ്പർ ദേവരാജൻ നിർവഹിച്ചു. കന്നുവീട് കടപ്പുറത്തും പരിസരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന ആകാശഭൂമിയിൽ വാൻസ ഹീർ, അലൻ കൃഷ്ണ, ആരതി നമ്പ്യാർ, അഭയ് കൃഷ്ണ, ശ്രീലയ രാജീവ്, ആഗ്നൽ മാത്യൂസ് എന്നിവരാണ് ബാലതാരങ്ങൾ.