തളിപ്പറമ്പ്: മഴൂർ ധർമ്മികുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽ മോഷണം. പതിനായിരം രൂപയോളം വിലമതിക്കുന്ന വെള്ളിയിൽ സ്വർണം പൂശിയ 54 മോതിരങ്ങളും വഴിപാട് ഓഫീസിൽ നിന്ന് 5000 രൂപയും നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരവും കുത്തിത്തുറന്നിട്ടുണ്ട്.
ശ്രീകോവിലിന്റെ പൂട്ട്‌പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് പ്രധാന വിഗ്രഹമോ അകത്തുതന്നെ സൂക്ഷിച്ച നിത്യേന ചാർത്തുന്ന സ്വർണാഭരണങ്ങളും കൊണ്ടുപോയിട്ടില്ല. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ, എസ് .ഐ എ.കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നലെ രാവിലെ 5.15 ന് മേൽശാന്തി ശ്രീനിവാസഭട്ട് നടതുറക്കാനെത്തിയപ്പോഴാണ് പ്രധാനവാതിൽ തുറന്നതായി കാണുന്നത്.
പ്രധാനപ്പെട്ട സ്വർണാഭരണങ്ങളെല്ലാം ബാങ്ക് ലോക്കറിലാണ്. ക്ഷേത്രം മാനേജർ രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിനകത്തുനിന്നും മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഇരുമ്പ്പാരകൾ പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ തൃച്ചംബരത്തേക്ക് എഴുന്നള്ളത്തും രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഉത്സവവും നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് മോഷണം നടന്നത്.