തലശ്ശേരി: മാലിന്യങ്ങൾ കുമിഞ്ഞുകൂടി കൊടുവള്ളി പുഴയോരത്തെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കൊതുകുവളർത്ത് കേന്ദ്രങ്ങളായി മാറുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയുണ്ടായില്ലെങ്കിൽ നാടിന്റെ ജൈവസമ്പത്തും ശുദ്ധജല സ്രോതസുമായ പ്രകൃതിയുടെ വരദാനങ്ങൾ നാമാവശേഷമാവുമെന്നുറപ്പ്.
തെളിനീരൊഴുകുന്ന കൊടുവള്ളി പുഴയോടു ചേർന്ന് പേൾവ്യൂ കെട്ടിടത്തിന് പിറകിൽ പഴയപാലം വഴിയിലുള്ള തണ്ണീർ തടങ്ങളാണ് ചീഞ്ഞളിഞ്ഞ മാലിന്യങ്ങളാൽ വിഷലിപ്തമായിട്ടുള്ളത. അധികമൊന്നും ആൾ സഞ്ചാരമില്ലാത്ത ഇവിടത്തെ ഇട റോഡിലൂടെ സാമൂഹ്യദ്രോഹികൾ ഇരുചക്രവാഹനങ്ങളിലും മറ്റും കെട്ടുകളാക്കി എത്തിച്ച് മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളാൽ തണ്ണീർതടങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇവ വെള്ളത്തിൽ അഴുകി പരിസരമാകെ ദുർഗ്ഗന്ധപൂരിതമാണ്.
സമീപത്തുള്ള കണ്ടൽക്കാടുകളുടെയും നില പരിതാപകരമാണ്. വരും വർഷത്തെ പദ്ധതികളിൽ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളതെങ്കിലും പദ്ധതി പ്രാബല്യത്തിലെത്തും മുമ്പെ ഈ പ്രകൃതിസമ്പത്തുകൾ നാമാവശേഷമാവുമെന്ന ഭീതിയിലാണ് പ്രകൃതി സ്റ്റേഹികളുള്ളത്.