lahari
ലഹരി ഉപഭോക്താക്കൾ ഉപേക്ഷിച്ച ഗുളികകൾ.

തലശ്ശേരി: ഉത്തരകേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരി ലഹരിമാഫിയയുടെ പിടിയിൽപെട്ട് ശ്വാസം മുട്ടുന്നു.ഒറ്റപ്പെട്ട ചില കേസുകളിൽ പിടിക്കപ്പെട്ടെങ്കിലും അന്തർ സംസ്ഥാന ബന്ധങ്ങളുള്ള വൻ സ്രാവുകൾ നഗരത്തിൽ പട്ടാപ്പകലും വിലസുകയാണ്.
കടൽ പാലം, റെയിൽവേ സ്റ്റേഷൻ പരിസരം, ട്രാഫിക് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള രഹസ്യ കേന്ദ്രങ്ങൾ, ഗോപാല പേട്ട, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരവധി ഇടപാടുകാർ ഇരകളേയും കാത്തിരിക്കുകയാണ്.
ഒരു കാലത്ത് മദ്യത്തിന്റെ പറുദീസയായിരുന്ന മയ്യഴിയിലും ഇപ്പോൾ മയക്ക് മരുന്നിനാണ് പ്രിയം . ചെറുപ്പക്കാരാണ് കരിയർമാർ.മാൻഡ്രാക്സ്, വെക്സ് പരാക്സ് പോലുള്ള ഗുളികകൾ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്. കർണ്ണാടകയിലെ മംഗളൂരു, ബാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ലഹരിവസ്തുക്കൾ ഇവിടേക്ക് എത്തുന്നത്. പഴയ ചില ലോഡ്ജുകളും ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്. ആശങ്കയോടെയാണ് മയ്യഴി പൊലീസും രക്ഷിതാക്കളും ഇതിനെ നോക്കിക്കാണുന്നത്.ലഹരിയിലകപ്പെട്ട ചിലർ അക്രമങ്ങളിലേക്കും തിരിയുന്നുണ്ട്.

ജീവൻ വെടിഞ്ഞും ജീവച്ഛവമായും.....

പെരിങ്ങത്തൂർ അണിയാരം പയലത്ത് വീട്ടിൽ ഹാഷിർ (17), ,എടക്കാട് ബൈപാസ് റോഡിലെ കക്കുന്നത്ത് അരേ ചെങ്കിൽ ഉനൈസ് (30), മുഴപ്പിലങ്ങാട് ബീച്ചിനടുത്ത ചിൽഡ്രൻസ് പാർക്കിന് സമീപത്തെ മിഗ്ദാദ് (19), ഏറ്റവും ഒടുവിൽ ചാലിലെ തോട്ടത്തിൽ പുതിയപുരയിൽ ടി.പി.പി.ഫർബുൽ (28) എന്നിവർ തലശ്ശേരിയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ മയക്കുമരുന്ന് മാഫിയകളുടെ നീരാളിക്കൈകളിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരാണ്.

2017 ഡിസമ്പർ 22 ന് ഉച്ചയ്കാണ് പാനൂർ തങ്ങൾ പീടികക്ക് സമീപം സഹറ കോളേജ് വിദ്യാർത്ഥിയായ ഹാഷിർ കുഴഞ്ഞ് വീണ് മരിച്ചത് ' ദുരൂഹ സാഹചര്യത്തിൽ സംഭവിച്ച 17കാരന്റെ മരണത്തിന് പിന്നിൽ മയക്ക് മരുന്ന് മാഫിയയാണെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നു.ഹാഷിറിന്റെ മരണം സംബന്ധിച്ച് അദ്ധ്യാപകനായ അക്ബർ പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന എടക്കാട്ടെ ഉനൈസ് 2018ൽ മരിച്ച കേസിലും അന്വേഷണം എങ്ങുമെത്തിയില്ല. 2019 മാർച്ചിലാണ് മുഴപ്പിലങ്ങാട് ഇ.എം.എസ്.റോഡിലെ ആളൊഴിഞ്ഞ വീട്ടിൽ മിഗ്ദാദിനെയും മരിച്ചനിലയിൽ കണ്ടെത്തിയത് ' ഇയാളുടെ ഷർട്ടിന്റെ കീശയിലും മൃതദേഹത്തിന്റെ സമീപത്തും സിറിഞ്ചുകൾ കാണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ചാലിലെ ചാലിലെ തോട്ടത്തിൽ പുതിയ പുരയിൽ ഫർബുൽ എന്ന 28 കാരനെ മെയിൻ റോഡിലെ പഴയ ബോംബെ ഹോട്ടലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.മയക്കുമരുന്ന് ലഹരിയിൽ മുങ്ങിത്താഴുന്ന ചെറുപ്പക്കാർ തലശ്ശേരിയിലും പരിസരങ്ങളിലും ഏറി വരികയാണ്'.