കണ്ണൂർ: ക്ഷേത്രകലാ അക്കാഡമിയുടെ കലാശ്രീ പുരസ്കാരത്തിന് മോഹിനിയാട്ട നർത്തകി മേതിൽ ദേവിക അർഹയായതായി അക്കാഡമി ചെയർമാൻ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മോഹിനിയാട്ടത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 23ന് മന്ത്രി കടകംപള്ളി സരേന്ദ്രൻ വിതരണം ചെയ്യും.
ക്ഷേത്രകലാ ഫെലോഷിപ്പ് 2020ന് ഗുരു സദനം ബാലകൃഷ്ണൻ അർഹനായി. 15001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രകലാ അവാർഡ്, ഗുരുപൂജ പുരസ്കാരം, യുവപ്രതിഭ പുരസ്കാരം എന്നിവയ്ക്ക് അർഹരായവർക്ക് 7500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ലഭിക്കും.