കേളകം( കണ്ണൂർ): കുടിയേറ്റക്കാലത്തെ കൂട്ടായ്മയെ ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരം കാർഷികസമൃദ്ധിയുടെ ഉത്സവഛായയിലാണിപ്പോൾ. മിക്കയിടത്തും ഉത്സവഛായയിലാണ് കപ്പവാട്ട് 'ഉത്സവം'
ഒരു കാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും കുടിച്ചാണ് മണ്ണിൽ പൊന്നുവിളിയിക്കാനിറങ്ങിയത്. പച്ചക്കപ്പയും വാട്ടുകപ്പയുമൊക്കെയായി മരച്ചീനിയുടെ വിവിധ രൂപങ്ങൾ വർഷം മുഴുവനും കർഷകരുടെ വിശപ്പകറ്റിയിരുന്നു.
കൊവിഡ് മഹാമാരിയെത്തുടർന്ന് ലോക്ക് ഡൗൺ വന്നപ്പോൾ ഇതിന്റെ പ്രത്യാഘാതങ്ങളിലൊന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമമായിരിക്കുമെന്ന കണക്കുകൂട്ടിലിലാണ് കുടിയേറ്റ ജനതയുടെ പിന്മുറക്കാർ വ്യാപകമായി കൃഷിയിലേക്ക് തിരിഞ്ഞത്. തരിശിടങ്ങളെല്ലാം കപ്പയ്ക്കൊപ്പം ചേന, ചേമ്പ്, കാച്ചിൽ,ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പരമ്പരാഗത കൃഷിയിലേക്ക് വഴിമാറി.
രാവിലെ തുടങ്ങിയാൽ ചിലപ്പോൾ അർദ്ധരാത്രി വരെ നീളുന്നതാണ് കപ്പവാട്ടൽ. പ്രദേശത്തുള്ളവർ മുഴുവൻ കപ്പ വാട്ടൽ നടക്കുന്ന വീട്ടിൽ ഒത്തുകൂടും.രാവിലെ മുതൽ കപ്പ പറിക്കൽ തുടങ്ങും. വലിയ ചൂരൽകുട്ടയ്ക്ക് അളന്ന് കൊടുക്കുന്ന കപ്പ ചെത്താൻ സ്ത്രീകളും കുട്ടികളും വരെയുണ്ടാകും. കപ്പത്തൊലി ചെത്തിയൊരുക്കുന്നതിന് പ്രതിഫലമുള്ളതാണ് കുട്ടികളെ ആകർഷിക്കുന്നത്.തുടർന്ന് ഇവ ചെറിയ കനത്തിൽ അരിഞ്ഞു കൂട്ടും. വെയിലാറുന്നതോടെ കപ്പ വാട്ടാൻ തുടങ്ങും. മുറ്റത്ത് പ്രത്യേകം അടുപ്പുകൂട്ടി വലിയ ചെമ്പുകളിലോ വാർപ്പുകളിലോ ആണ് കപ്പ വാട്ടുന്നത്. ഇത് പിന്നീട് വലിയ ചൂരൽ കുട്ടകളിലേക്ക് കോരി നിറയ്ക്കും. ചൂടുവെള്ളം വാർന്നു കഴിയുമ്പോൾ പരമ്പിലോ പാറപ്പുറത്തോ നിരത്തി ദിവസങ്ങളോളം വെയിലത്തുണക്കിയെടുത്താൽ വാട്ടു കപ്പ റെഡി.ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കൃഷിയിലേക്ക് തിരിയാൻ നിർബന്ധിതരായത് ലോക്ക് ഡൗൺ വന്നതു മൂലമാണ്. ഇപ്പോൾ സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോൾ രണ്ടു കിലോവാട്ടുകപ്പയെങ്കിലും അവർ തന്നിരിക്കും.കഴിഞ്ഞ വർഷം 20 ഉം 25 ഉം രൂപ വിലയുണ്ടായിരുന്ന പച്ചക്കപ്പ വാങ്ങാൻ ആളുണ്ടായിരുന്നില്ല. വർഷങ്ങളായി കർണ്ണാടകയിൽ വ്യാപകമായി കൃഷി ചെയ്തു വയനാട്ടിലെ കർഷകരുടെ കപ്പയ്ക്ക് കിലോയ്ക്ക് 10 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്.കപ്പ് വാട്ട് ഉൾപ്പെടെയുള്ള പരമ്പരാഗത രീതികളിലേക്ക് കർഷകർമടങ്ങിയത് ഈ സാഹചര്യത്തിലാണ്.
തോമസ് കളപ്പുര,ജനറൽ സെക്രട്ടറി,ഫെയർ ട്രേഡ് അലയൻസ് കേരള