scanner
മലബാർ കാൻസർ സെന്ററിൽ സ്ഥാപിച്ച പെറ്റ് സി.ടി.സ്കാനർ

തലശേരി: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കാൻസർ ചികിത്സാ കേന്ദ്രമായ മലബാർ കാൻസർ സെന്ററിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. ഉത്തരകേരളത്തിൽ ആദ്യമായി പെറ്റ് സി.ടി.സ്കാനർ സ്ഥാപിക്കപ്പെടുന്നതാണ് പദ്ധതികളിലൊന്ന്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്.

ക്രിസ്റ്റൽ ടെക്‌നോളജിയിൽ ഏറ്റവും കുറഞ്ഞ റേഡിയേഷൻ ഡോസിൽ ടൈം ഓഫ് ഫ്‌ളൈറ്റ് ടെക്‌നോളജിയിലൂടെ ഏറ്റവും വേഗത്തിലും ഈ ഉപകരണങ്ങളിൽ കൂടെ സ്‌കാനിംഗ് പൂർത്തിയാക്കാൻ കഴിയും. കേരള സർക്കാരിന്റെ കീഴിൽ ഈ ടെക്‌നോളജിയിൽ ഉള്ള ആദ്യ ഉപകരണമാണിത്. ഈ ഉപകരണവും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനായി ഏകദേശം 12 കോടി രൂപ ചെലവ് വന്നിട്ടുണ്ട്.

ബയോബാങ്ക് ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഗവേഷണ ആവശ്യങ്ങൾക്കായി ചിട്ടയായ രീതിയിൽ സംഘടിപ്പിച്ച മനുഷ്യ ജൈവ സാമ്പിളുകളുടെയും അനുബന്ധ വിവരങ്ങളുടെയും ഒരു ശേഖരമാണ് ബയോബാങ്ക്. മരുന്നുകൾ, ബയോ മാർക്കർ എന്നിവ വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ബയോബാങ്കും സ്ഥാപിക്കുന്നത്.

ആരോഗ്യരംഗത്ത് വിപ്ളവം തീർത്ത് എം.സി.സി

2008ൽ 10,401 ഓളം പുതിയ രോഗികൾ എം.സി.സിയെ ആശ്രയിച്ചിരുന്നുവെങ്കിൽ 2020 ൽ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. 2008 ൽ ഏകദേശം 16,273 രോഗികൾ തുടർ ചികിത്സക്കായി എത്തുകയും 1926 രോഗികളെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2019ൽ തുടർചികിത്സയ്ക്കായി എത്തിയവരുടെ എണ്ണം 77,477 ആയി വർദ്ധിക്കുകയും 4600 പേരെ കിടത്തി ചികിത്സയ്ക്കും വിധേയമാക്കി. കുട്ടികളിലെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഗവണ്മെന്റ് മേഖലയിൽ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ. ഏകദേശം 90 - 95% രോഗികൾക്ക് വിവിധ ചികിത്സാ പദ്ധതികളിലൂടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.

എൻ.എ.ബി.എച്ച് അംഗീകാരവും

എൻ.എ.ബി.എച്ച് അംഗീകാരവും സെന്റർ കരസ്ഥമാക്കി കഴിഞ്ഞു. അപൂർവം കാൻസർ സെന്ററുകൾക്കു മാത്രം ലഭിച്ചിട്ടുള്ള ഗവേഷണ സ്ഥാപനമായി അംഗീകരിക്കുന്നതിനായുള്ള ഡി.എസ്.ഐ.ആറിന്റെ സർട്ടിഫിക്കേഷനും എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്. എം.സി.സിയിൽ ഹോസ്പിറ്റൽ ബേസ്ഡ് കാൻസർ രജിസ്ട്രി, ഉത്തര മലബാറിലെ കാൻസർ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രി എന്നിവ പ്രവർത്തിച്ചുവരുന്നുണ്ട്.