budget
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് പി.പി. ദിവ്യ അവതരിപ്പിക്കുന്നു

കണ്ണൂർ: മുൻ വർഷങ്ങളിലെ പദ്ധതികൾ തുടരുന്നതിനൊപ്പം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി, ടൂറിസം, ജല സംരക്ഷണം തുടങ്ങിയ പദ്ധതികൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ ബഡ്ജറ്റ്.
അഞ്ചരക്കണ്ടി പുഴ സംരക്ഷണത്തിനായുള്ള പദ്ധതികൾ തുടരുന്നതിനും കാട്ടാമ്പള്ളി പ്രദേശത്തെ തണ്ണീർത്തടങ്ങളിലെ കൈയേറ്റം തടയുന്നതിനും തണ്ണീർത്തട സംരക്ഷണപദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രസിഡന്റ് പി.പി. ദിവ്യ അവതരിപ്പിച്ച ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ കാർഷിക മേഖലയ്ക്കു മാത്രം മാറ്റിവച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണത്തിൽ സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യു.പി ശോഭ, അഡ്വ. ടി. സരള, അഡ്വ. കെ.കെ രത്‌നകുമാരി, വി.കെ സുരേഷ് ബാബു, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വരവ് 134,94,66,000

ചെലവ് 127,61,03,000

മിച്ചം 7,33,63,000


ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
ജില്ലയിൽ ടൂറിസം മാപ്പിംഗ് നടത്തി വെർച്വൽ ടൂർ പ്രോഗ്രാമും കണ്ണൂർ ട്രാവൽ മാർട്ടും സംഘടിപ്പിക്കും
കാർബൺ നൂട്രൽ ജില്ലയാക്കാനുള്ള കർമ്മ പരിപാടികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 1000 ഹരിത വനങ്ങൾ സൃഷ്ടിച്ച് മികച്ചവയ്ക്ക് ഗ്രീൻ റോയൽറ്റി നൽകം
നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനായി നാട്ടുമാവ് പരിപാലന കേന്ദ്രങ്ങൾ
വാണിജ്യാടിസ്ഥാനത്തിൽ ഏറെ സാധ്യതയുള്ള ഊദ് മരങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും
തരിശു പാടങ്ങളും പറമ്പുകളും തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കും
കൃഷിക്കാരുടെ ഉത്പന്നങ്ങൾ ന്യായവിലക്ക് വിറ്റഴിക്കാൻ നഗര കേന്ദ്രത്തിൽ വിപണന സൗകര്യം ഏർപ്പെടുത്തും

 കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കാനും കൃഷിപ്പണിക്കാരുടെ സേവനങ്ങൾക്കുമായി മൊബൈൽ ആപ്ലിക്കേഷൻ
കൈപ്പാട് കൃഷി വ്യാപനത്തിനും കൈപ്പാട് അരിക്ക് അന്താരാഷ്ട വിപണി കണ്ടെത്താനും പദ്ധതികൾ
കൊവിഡിനെ തുടർന്നുള്ള തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നിനായി പുതിയ സംരംഭങ്ങൾ ആരംഭിച്ച് പതിനായിരം പേർക്ക് തൊഴിൽ നൽകും.

അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്കായി സ്‌കിൽ പാർക്ക്
ചട്ടുകപ്പാറയിൽ സാംസ്‌കാരിക വിനിമയ കേന്ദ്രം
സർക്കാർ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറിയിലെ മുഴുവൻ ക്ലാസ് മുറികളിലും മിനി ലൈബ്രറി



തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതിനാൽ ചെറിയ രീതിയിലാണ് അവതരണം നടന്നത്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് ലഭിച്ചതിനു ശേഷം വിപുലമായ രീതിയിൽ ബഡ്ജറ്റ് അവതരണം നടത്തും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ