പയ്യന്നൂർ: ജില്ലയിലെ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്കാരം വെള്ളൂർ ബാങ്കിന്. കാർഷിക രംഗത്ത് എന്നും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന വെള്ളൂർ ബാങ്ക് കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും, തുടർന്നും പച്ചക്കറി ഉൽപ്പാദന- വിതരണ രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. പയ്യന്നൂർ കൃഷിഭവന്റെ കീഴിൽ വെള്ളൂരിലെ ജൈവ പച്ചക്കറി കർഷകരെ അണിനിരത്തി ഒരു ക്ലസ്റ്ററുണ്ടാക്കുകയായിരുന്നു. തുടർന്ന് 12 ഏക്കർ സ്ഥലത്ത് 25 കർഷകർ ഒറ്റയ്ക്കും കൂട്ടായും കൃഷിയിറക്കി. വിത്തും വളവും ബാങ്ക് നൽകി. ഒപ്പം അളവറ്റ പ്രോത്സാഹനവും. ക്ലസ്റ്റർ കൺവീനറും ബാങ്ക് ജീവനക്കാരനുമായ വി.കെ. കൃഷ്ണനും സഹജീവനക്കാരും വിഷരഹിത പച്ചക്കറി കൃഷിയിൽ വ്യാപൃതരായി. പയ്യന്നൂർ കൃഷി ഓഫീസർ കെ. സുനീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ മാർഗ്ഗ നിർദ്ദേശവും മോണിറ്ററിംഗും കൃത്യമായി ഉണ്ടായിരുന്നു.

ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്ലസ്റ്റർ നാൾക്കുനാൾ വളർന്നു. വെണ്ട, പയർ, കയ്പ്പ, ചീര, പടവലം, കുമ്പളം,​ മത്തൻ തുടങ്ങി ഇരുപതിലധികം ഇനങ്ങൾ ക്ലസ്റ്റർ പാടങ്ങളിൽ നൂറുമേനി വിളഞ്ഞു. ബാങ്ക് തന്നെ കർഷകരിൽ നിന്നും വിളകൾ ശേഖരിച്ച് ഒട്ടും ലാഭേച്ഛയില്ലാതെ ആവശ്യക്കാർക്ക് വിതരണം ചെയ്തു.

വി.കുഞ്ഞികൃഷ്ണൻ പ്രസിഡന്റും കെ. തങ്കമണി സെക്രട്ടറിയുമായ വെള്ളൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി വേളയിലാണ് പുരസ്കാര ലബ്ധി. സഹകരണ ബാങ്കിംഗ് മേഖലയിൽ നിരവധി വർഷങ്ങളിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഉൾപ്പെടെ നേരത്തെ നിരവധി അംഗീകാരങ്ങൾ ബാങ്കിനെത്തേടിയെത്തിയിട്ടുണ്ട്. 20 ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ അവാർഡ് സമ്മാനിക്കും.

സുഭിക്ഷ കേരളത്തിനായി

ഉറച്ച ചുവടുകൾ

സർക്കാർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്ത് ബാങ്ക് നെൽകൃഷിയും ഇറക്കുകയുണ്ടായി. കപ്പയും ചേനയും ഉൾപ്പെടെ കിഴങ്ങ് വർഗ്ഗങ്ങളും കൃഷി ചെയ്തു. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോ ഓപ്പ് മാർട്ട് എന്ന പേരിൽ ബാങ്ക്, പച്ചക്കറി സംഭരണ വിതരണ കേന്ദ്രവും ആരംഭിച്ചു. വെറും മൂന്നര മാസം കൊണ്ട് ഇവിടെ 130 ക്വിന്റൽ പച്ചക്കറിയാണ് വിറ്റഴിഞ്ഞത്. തികച്ചും മാതൃകാപരമായ ഈ പ്രവർത്തനങ്ങളാണ് പുരസ്ക്കാരത്തിന് വെള്ളൂർ ബാങ്കിനെ അർഹമാക്കിയത്.