കാഞ്ഞങ്ങാട്: വിശപ്പിന്റെ പേരിൽ അരി മോഷ്ടിച്ചെന്ന കുറ്റത്തിന് കൊലചെയ്യപ്പെട്ട ആദിവാസി യുവാവിന്റെ ജീവിതം പകർത്തി കറുത്ത പക്ഷികൾ എന്ന ഹ്രസ്വ സിനിമ. പ്രകൃതിയിൽ മനുഷ്യവർഗത്തിന്റെ അതിരുകടന്ന വെട്ടിപ്പിടുത്തവും കൈയേറ്റവും ആദിവാസി സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ ഭിഷണി മുഴക്കുന്ന കാലത്ത് മധുവിന്റെ ദാരുണമായ അന്ത്യത്തിന്റെ ആവിഷ്കാരം വലിയ ചോദ്യമാണ് മുഴക്കുന്നത്.
അപരിഷ്‌കൃതരായവർ സമൂഹത്തിന്റെ കാഴ്ചപ്പാടിന് അശുഭകരമാണെന്നുള്ള തെറ്റായ സന്ദേശവും മധുവിന്റെ മരണത്തിലുടെ കൊലയാളി സാധിപ്പിച്ചെടുത്തിരിക്കുന്നു. വനവിഭവങ്ങൾ ഭക്ഷിച്ചും ശേഖരിച്ചും ജീവിതം തള്ളിനീക്കുമ്പോഴും നാളെയുടെ വേദനകൾ അവരെ ഒരിക്കലും അലട്ടുന്നില്ല. ജീവിതം പ്രകൃതിയാണെന്നും അത് അവസാനിക്കുമ്പോൾ അവ പുതിയ വൃക്ഷമായി,മറ്റു ജീവ ജാലങ്ങൾക്ക് തണലായും ഫലമായും തിരികെ പുനർജനിക്കുമെന്നാണ് വിശ്വാസം. വലിയ ദുരന്തങ്ങളിലേക്ക് മനുഷ്യർ നടന്നടുക്കുന്നുവെന്ന സത്യം തിരിച്ചറിയപ്പെട്ടിട്ടും അവഗണിക്കപ്പെടുമ്പോൾ മധുവിനെ പോലെയുള്ളവരെ മറവിയിലേക്കു തള്ളുന്നു .
സലീംകുമാർ നിർമിക്കുന്ന കറുത്തപക്ഷിയിൽ ചെറുതായ വേഷത്തിൽ അദ്ദേഹം അഭിനേതാവായി എത്തുന്നു. മുഹമ്മദ് കുഞ്ഞി നീലേശ്വരത്തിന്റേതാണ് കഥയും തിരക്കഥയും. വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. നാട്ടുഭാഷയുടെയും പച്ചയായ ജീവിതത്തിന്റെയും കാഴ്ചകളാണ് കറുത്ത പക്ഷികൾ പകർന്നു നൽകുന്നത്. ഉണ്ണികൃഷ്ണനാണ് കാമറ ചലിപ്പിക്കുന്നത്. ശശിധരൻ അച്ചാംതുരുത്തി, ഡോ. സന്തോഷ് കുമാർ അബ്ദുൾ ലത്തീഫ് നീലേശ്വരം, ടി.ഡി. ചാളക്കടവ്, ഏറുംപുറം മുഹമ്മദ്, സന്തോഷ് ഒഴിഞ്ഞവളപ്പ്, രാധ, നിഷ, ജെയിനമ്മ, ഹേമന്ത് തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.