കാഞ്ഞങ്ങാട്: കാട്ടു മൃഗങ്ങളോടും കാലാവസ്ഥയോടും പൊരുതി കുടുംബശ്രീ വനിതകൾ മലമുകളിൽ വിളയിച്ച കപ്പയുടെ വിളവെടുപ്പ് നടന്നത് ഉത്സവാന്തരീക്ഷത്തിൽ. വിളവെടുപ്പ് കാണാനെത്തിയ കൃഷിവകുപ്പുദ്യോഗസ്ഥരാകട്ടെ കപ്പ അരിയാനും വലിയ ചെമ്പിലിട്ട് വാട്ടാനും അത്യുത്സാഹത്തോടെ പങ്കാളികളുമായി.
കാസർകോട് ബളാൽ പഞ്ചായത്തിലെ മരുതുംകുളം തട്ടിലാണ് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പ് അംഗങ്ങൾക്ക് ഇക്കുറി നൂറുമേനി വിളവ് ലഭിച്ചത്. കപ്പകൊത്തി അരിഞ്ഞു വാട്ടി ഉണക്കി എടുക്കാൻ ബളാൽ കൃഷി ഭവനിലെ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, കൃഷി അസി. ഓഫീസർ എസ്. രമേഷ് കുമാർ എന്നിവർ മരുതുംകുളം മലമുകളിൽ എത്തിയത് കൃഷിക്കാർക്ക് ആവേശം പകർന്ന അനുഭവമായി.
വാർഡ് മെമ്പർ സന്ധ്യ ശിവനോടൊപ്പമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ വളരെ സന്തോഷത്തോടെ കപ്പചെത്തി അരിഞ്ഞുവാട്ടി ഉണക്കുന്നത് കണ്ട കൃഷി ഓഫീസർമാർ ഇവർക്കൊപ്പം ചേരുകയായിരുന്നു. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ കപ്പ അരിഞ്ഞപ്പോൾ അത് ചെമ്പിൽ അടുപ്പിൽ വച്ച് ഇളക്കി വേവിക്കുന്ന ജോലിയായിരുന്നു അസി. കൃഷി ഓഫീസർ രമേഷ് കുമാർ ചെയ്തത്..
ജീവ ജെ.എൽ.ജി. ഗ്രൂപ്പിലെ സ്ത്രീകൾ രണ്ട് ഏക്കർ പാട്ട ഭൂമിയിലാണ് കപ്പ കൃഷി ഇറക്കിയത്. ബ്ലോക്ക് കട്ടൻ. സിലോൺ എന്നിവയായിരുന്നു വിത്തുകൾ. പഴയ സാരികളും മറ്റും ഉപയോഗിച്ച് കാട്ടു പന്നി ശല്യവും കുരങ്ങ് ശല്യവും ഒഴിഞ്ഞുകിട്ടിയത് ഇവർക്ക് നേട്ടമായി. കപ്പക്ക് പുറമെ ഏത്തവാഴ, ചേന, ചേമ്പ് എന്നിവയും ഇവിടെ കൃഷി ചെയ്തിരുന്നു.