കൂത്തുപറമ്പ്: ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചീരാറ്റയിലെ യു.കെ. ശ്രീജേഷി (40)നെയാണ് കണ്ണവം സി.ഐ കെ.കെ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചീരാറ്റ പാട്യം നഗറിലെ കളത്തുംങ്കണ്ടി സജീവനെ (47) കുത്തിക്കൊലപ്പെടുത്തിയത്.

നെഞ്ചിന് പിറകിലായി മുതുകിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സജീവനെ നാട്ടുകാർ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മദ്യലഹരിയിൽ ശ്രീജേഷും മറ്റൊരാളുമായുണ്ടായ വാക്കേറ്റം തടയാനെത്തിയതായിരുന്നു സജീവൻ. ഇതിനിടെ പ്രകോപിതനായ ശ്രീജേഷ് വീട്ടിൽ പോയി ആയുധവുമായെത്തി സജീവനെ കുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടയിൽ കണ്ണവം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു.