തലശ്ശേരി: കേരള ക്ഷേത്ര കലാ അക്കാഡമിയുടെ ചുവർചിത്ര പുരസ്‌ക്കാരത്തിന് അർഹനായ കെ.ആർ.ബാബുവിന് ഇത് അർഹതക്കുള്ള അംഗീകാരം. ഉത്തരകേരളത്തിൽ ചുമർചിത്രകലയെ ജനകീയമാക്കുന്നതിലും, പ്രചാരം നേടിയെടുക്കുന്നതിലും പ്രമുഖ പങ്കാണ് ബാബു മാഷിനുള്ളത്. പാരമ്പര്യ കേരള ചുവർ ചിത്രകലയെ അതിന്റെ തനിമ ചോരാതെ സംരക്ഷിച്ചു നിർത്തുന്നതിൽ ബാബു മാഷ് വഹിക്കുന്ന പങ്കുതന്നെയാണ് അദ്ദേഹത്തെ ഈ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.
ഗുരുവായൂരിലെ ചുവർ ചിത്രകലാ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ കീഴിൽ അഞ്ചു വർഷത്തെ പഠനം പൂർത്തിയാക്കിയ കെ.ആർ.ബാബു മാഹി മലയാള കലാഗ്രാമത്തിൽ ചേർന്നു. അവിടെ 20 വർഷത്തോളം വകുപ്പ് തലവനായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. മൈസൂരിലെ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി.
കോഴിക്കോട് എസ്.കെ.പൊറ്റക്കാട് കൾച്ചറൽ സെന്ററിൽ മ്യൂറൽ ആർട് ട്രെയിനറാണ് ഇപ്പോൾ ഈ കലാകാരൻ.
ഇന്ത്യാ ഗവൺമെന്റിന്റെ റീജിയണൽ ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ് സെന്ററിന്റെ കമ്മീഷണർ അംഗീകരിച്ച കേരള മ്യൂറൽ പെയിന്റിംഗ് എംപാനൽഡ് ഡിസൈനറും 'സ്പിക്മാകെ' എം പാനൽഡ് ആർട്ടിസ്റ്റുമാണ് ബാബു. പാരമ്പര്യ കലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നൽകിയ സംഭാവനകളെ മാനിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കേരള ലളിതകലാ അക്കാഡമിയുടേത് ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശിയാണ് കെ.ആർ.ബാബു. പരേതനായ കൂളിപ്പാറ രാമൻ-
സാവിത്രി രാമൻ ദമ്പതികളുടെ മകനാണ്. അനില ബാബുവാണ് ഭാര്യ. അനിന്ദിത്, അനിത്രയ എന്നിവർ മക്കളാണ്.