ആബ്സെന്റീസ് വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്
പ്രചാരണത്തിന് മണ്ഡലത്തിൽ അഞ്ച് മൈതാനങ്ങൾ മാത്രം
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. 80 ന് മുകളിൽ പ്രായമുളളവർ, അംഗപരിമിതർ, കൊവിഡ് പോസിറ്റീവായവർ, ക്വാറന്റീലുള്ളവർ തുടങ്ങിയ വിഭാഗങ്ങളിലെ 8000 ത്തോളം പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു ചെയ്യാം. നിലവിലെ വോട്ടർ പട്ടികയിൽ 613 അംഗപരിമിതരും 80 വയസിന് മുകളിൽ പ്രായമുള്ള 13255 ആളുകളുമാണുള്ളത്. സ്പെഷ്യൽ പോസൽ ബാലറ്റ് നൽകുന്നത് സംബന്ധിച്ച് മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ഷൂട്ടു ചെയ്ത് സൂക്ഷിക്കും. വോട്ടർപട്ടികയിൽ പേരുള്ള ആബ്സെന്റീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ( 12 ഡി ഫോം) ബി എൽ ഒ മാർ മുഖേന വീടുകളിൽ എത്തിച്ചുനൽകും. 1048 പോളിംഗ് ഓഫീസർമാരെയാണ് ഇതിനായി നിയോഗിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ഗ്രൗണ്ടുകൾ വീതം അനുവദിക്കും. പൊതുപരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ ഗ്രൗണ്ടുകളിൽ മാത്രമേ പ്രചാരണം നടത്താൻ അനുവദിക്കും. നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ പാടുള്ളൂ.
89 പ്രശ്നബാധിത ബൂത്തുകൾ
ജില്ലയിൽ ആകെ 44 ക്രിട്ടിക്കൽ ബൂത്തുകളും 45 വൾനറബിൾ ലൊക്കേഷനുകളുമാണുള്ളത് 983 ബൂത്തുകളും 608 ആക്സിലറി ബൂത്തുകളുമുൾപ്പെടെ ആകെ1591 ബൂത്തുകളാണുള്ളത്. ഓരോ നിയോജക മണ്ഡലത്തിലും ഒരോ കൗണ്ടിംഗ് സെന്ററും വിതരണ കേന്ദ്രവും ഒരുക്കും. തിരഞ്ഞെടുപ്പിനായി 2119 കൺട്രോൾ യൂണിറ്റുകളും 2174 ബാലറ്റു യൂണിറ്റുകളും 2141 വി വിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 70 കൺട്രോൾ യൂണിറ്റുകളും 110 വി .വി. പാറ്റുകളും കണ്ണൂരിൽ നിന്ന് കൊണ്ടു വരും,
കൺട്രോൾ റൂം നമ്പർ 1950
ജില്ലയിലെ 17 അതിർത്തികളിൽ നിരീക്ഷണത്തിനായി 51 ടീമുകളെ നിയോഗിക്കും. മദ്യം, സമ്മാനം , പണം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ അനുവദിക്കില്ല. 86 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. കൂടുതൽ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
ഡോ. ഡി. സജിത്ത് ബാബു( കാസർകോട് ജില്ലാ കളക്ടർ )