
കണ്ണൂർ :ജീവൻ പണയപ്പെടുത്തി ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ്ഗാർഡുകളുടെ തൊഴിലിനും ജീവനും യാതൊരു സുരക്ഷിതത്വവും ഏർപ്പെടുത്താതെ സർക്കാർ .കോവളം മുതൽ കാസർകോട് വരെയുള്ള ടൂറിസം മേഖലയിലെ ബീച്ചുകളിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്ത് വരുന്ന ലൈഫ്ഗാർഡുകൾക്കുൾപ്പെടെയാണ് ഈ അവഗണന.
ലൈഫ് ഗാർഡ് തസ്തിക സൃഷ്ടിച്ച് സ്ഥിരം ജീവനക്കാരായി അംഗീകരിക്കുകയും ശമ്പള സ്‌കെയിലും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.എല്ലാ ദിവസവും ഫിസിക്കൽ ട്രെയിനിംഗ് ഉള്ളതുകൊണ്ട് തന്നെ ഫുഡ് അലവൻസ് ഇനത്തിൽ 2006 മുതൽ 38 വർഷമായി ലഭിച്ചുകൊണ്ടിരിക്കുന്ന 100 രൂപ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.അപകടകരമായ ജോലി ചെയ്യുമ്പോഴും ഇൻഷുറൻസ് പരിരക്ഷയുമില്ല. ലൈഫ്ഗാർഡുകളുടെ എണ്ണം കുറവായതുകൊണ്ട് തന്നെ നിലവിലുള്ള തൊഴിലാളികളുടെ ജോലിഭാരം ഇരിട്ടിക്കുകയാണ്. വേണ്ടതിന്റെ പകുതി പോലും ഗാർഡുമാർ കേരളത്തിലില്ല.
കേരളത്തിലെ 26 ബീച്ചുകളിലായി ആകെ 200 ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്. ഈ പ്രയാസങ്ങൾക്കിടയിൽ 25 വർഷമായി തുടർന്ന് വന്നിരുന്ന 12 മണിക്കൂർ ജോലി അടുത്ത ദിവസം വിശ്രമം എന്ന രീതി മാറ്റി എല്ലാ ദിവസവും ഡ്യൂട്ടി എന്ന രീതിയിൽ ടൂറിസം ഡയറക്ടർ ഇറക്കിയ സർക്കുലർ തൊഴിലാളികളുടെ കായികശേഷിയേയും ആ രോഗ്യത്തെയും സാരമായി ബാധിക്കുമെന്ന പരാതിയുമുണ്ട്.ടൂറിസം വകുപ്പ് ലൈഫ് ഗാർഡുകൾക്ക് വേണ്ടി 2017 ൽ ഒരു പാക്കേജ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചുവെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
വെള്ളത്തിലിറങ്ങില്ല 22ന്
35 വർഷമായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകളെ സ്ഥിരം ജീവനക്കാരാക്കുക,2017 ൽ ടൂറിസം വകുപ്പ് ലൈഫ്ഗാർഡുകൾക്ക് വേണ്ടി സർക്കാരിലേക്ക് സമർപ്പിച്ച പാക്കേജ് നടപ്പിലക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 22 ന് ലൈഫ്ഗാർഡുകൾ പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്.തുടർന്ന് ടൂറിസം ഡയറക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് കേരള ടൂറിസം ലൈഫ് ഗാർഡ് എപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ..പി.സഹദേവൻ,ജനറൽ സെക്രട്ടറി പി.ചാൾസൺ ഏഴിമല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
അപകടങ്ങൾ പതിവായപ്പോൾ 1986ലാണ് ടൂറിസം വകുപ്പ് ലൈഫ് ഗാർഡുകളെ നിയമിച്ചത്
നിയമനം ദിവസവേതനാടിസ്ഥാനത്തിൽ
കേരളത്തിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം വർഷത്തിൽ 1600
27 ബീച്ചുകളിൽ ഒരുവർഷം എത്തുന്നത് ലക്ഷങ്ങൾ
27 വർഷത്തിനിടയിൽ ഗാർഡുമാർ രക്ഷിച്ചത് പതിനായിരം പേരെ