കാഞ്ഞങ്ങാട്: കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെയും പുതിയതലത്തിലേക്ക് നയിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അവതരിപ്പിച്ചു. പുതിയ തൊഴിൽ സംരംഭവും, അപ്പാരന്റ് പാർക്കും, ആരോഗ്യ പാർലമെന്റും അതിഥി തൊഴിലാളി സഭയും, പ്രവാസി കൂട്ടായ്മയും, നഷ്ടപ്പെട്ട നഗരചന്തയുടെ തിരിച്ചെടുപ്പും, ശിശു സൗഹൃദ അങ്കൺവാടികളുടെ നിർമ്മാണവും, ഭവന രഹിതർക്ക് ഭവന നിർമ്മാണ ധനസഹായവും, റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അധുനിക അറവ് ശാല, മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം, സംസ്ഥാന സർക്കാറുമായി ചേർന്ന് സമഗ്ര അഴുക്ക്ചാൽ പദ്ധതി, വെളിച്ച വിപ്ലവത്തിനായി നിലാവ് പദ്ധതി, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിക്കൽ, മാലിന്യ സംസ്ക്കരണത്തിനായി ഭൂമി ഏറ്റെടുക്കൽ, പൊതു വിദ്യാലയ സംരക്ഷണത്തിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ, സ്റ്റുഡൻസ് ബ്രിഗേഡ്, ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കൽ, ചിത്രകലാ പരിശീലന പരിപാടി, കമ്യൂണിറ്റി തീയേറ്റർ, കമ്മ്യൂണിറ്റി കൗൺസിലിംഗ് ,ലിറ്ററേച്ചർ ഫെസ്റ്റിവെൽ, സുജലം സുഫലം പദ്ധതിയിലൂടെ ഹരിതസമൃദ്ധി വാർഡ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

76,​99,​93,​480 രൂപ വരവും 64,​79,​81,​500 രൂപ ചെലവും 122011980 രൂപ മെച്ചവും പ്രതീക്ഷിക്കുന്നു. ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വി.വി രമേശൻ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധമുന്നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ചർച്ചയിൽ പങ്കെടുക്കാൻ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ബി.ജെ.പി അംഗം പി.വീണ സംസാരിച്ച ശേഷമാണ് രമേശൻ സംസാരിക്കാൻ തുടങ്ങിയത്. ബി.ജെ.പിയോടല്ല സി.പി.എമ്മിനോടാണ് ലീഗിനു അയിത്തമെന്ന് ഇതിലൂടെ വ്യക്തമായതായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.വി രമേശൻ പറഞ്ഞു.