
കണ്ണൂർ: അടിസ്ഥാന യോഗ്യതയായ കെ ടെറ്റിന്റെ ഫലപ്രഖ്യാപനം നീണ്ടുപോകുന്നതിനാൽ ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ. ഫലപ്രഖ്യാപനം പെട്ടെന്ന് നടത്തുകയോ അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകുകയോ ചെയ്തില്ലെങ്കിൽ പഠിച്ചത് പ്രയോജനപ്പെടാതെ കാത്തിരിക്കേണ്ടിവരുമെന്ന നിസഹായവസ്ഥയിലാണ് ഇവർ.
കഴിഞ്ഞ 2021 ജനുവരി 17ന് കെ ടെറ്റ് പരീക്ഷയെഴുതിയവർക്കാണ് ഡിസംബർ 30ന് വിജ്ഞാപനം പുറപ്പെടുവിച്ച ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നത്.ഫെബ്രുവരി മൂന്നിനകം അപേക്ഷ നൽകാനായിരുന്നു നിർദ്ദേശം.ഫെബ്രുവരി മൂന്നിന് മുൻപേ കെ ടെറ്റ് ഫലം പ്രസിദ്ധീകരിക്കണമെന്നും അല്ലെങ്കിൽ പി.എസ്.സിക്ക് അപേക്ഷിക്കേണ്ട തീയതി നീട്ടണമെന്ന ആവശ്യവുമായി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ എറണാകുളം ട്രിബ്ര്യൂണലിനെ സമീപിച്ചിരുന്നു.എന്നാൽ രണ്ടാഴ്ച്ചകം ഫലം പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നായിരുന്നു പരീക്ഷാഭവന്റെ മറുപടി.
ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കെ ടെറ്റും ബി .എഡുമാണ് യോഗ്യത. 2019 ൽ മൂന്ന് തവണ കെ ടെറ്റ് പരീക്ഷ നടത്തിയിരുന്നെങ്കിലും 2020 ഫെബ്രുവരിയിലേതിന് ശേഷം കൊവിഡും ലോക്ക് ഡൗണുമൊക്കെയായി കഴിഞ്ഞ ജനുവരി 17 നാണ് അവസാനമായി പരീക്ഷ നടന്നത്.
ആജീവനാന്ത കാലാവധിയ്ക്ക് ശേഷം ആദ്യപരീക്ഷ
കഴിഞ്ഞ വർഷങ്ങളിൽ കെ ടെറ്റ് പരീക്ഷ വിജയിച്ചാൽ സർട്ടിഫിക്കറ്റിന് ഏഴ് വർഷം വരെയാണ് കാലാവധി .2020 ഒക്ടോബറിൽ കെ ടെറ്റ് ഒരു തവണ എഴുതിയാൽ ആജീവനാന്ത കാലാവധി നൽകി കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.അജീവനാന്ത കാലാവധി കൊടുത്തിന് ശേഷം ആദ്യമായി നടത്തിയ പരീക്ഷയാണ് ജനുവരിയിലേത്.കെ ടെറ്റ് പരീക്ഷാ ഫലം ഇതുവരെ വരാത്ത സാഹചര്യത്തിൽ പി.എസ്.സി അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പരിഹാരമില്ല
സംസ്ഥാനത്ത് പരീക്ഷയെഴുതിയ പാസാകുമെന്ന് ഉറപ്പുള്ള 82 പേർ ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.ജില്ലയിൽ നിരവധി പേരെയാണ് പ്രശ്നം ബാധിക്കുന്നത്.പി.എസ്.യുമായുള്ള കേസ് ഹൈക്കോടതിയിൽ വിചാരണയിലാണ്.