തലശ്ശേരി: ജനറൽ ആശുപത്രിയിൽ നവീകരണം പൂർത്തിയായ ഓപ്പറേഷൻ തീയേറ്റർ സമുച്ചയം ഉൾപ്പെടെ ആറ് സംരംഭങ്ങൾ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. സിക്ക് ന്യൂബോൺ കെയർ യൂണിറ്റ്, ഇലക്ട്രിക്കൽ സബ്ബ് സ്റ്റേഷൻ കെട്ടിടം, വാഷിംഗ് കോർണർ, ഇ.എം.എസ് ഗ്രന്ഥശാല, ഒഫ്താൽമോളജി ഇൻസ്റ്റിറ്റിയൂട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം എന്നിവയാണ് പഴശ്ശിരാജ ഓപ്പൺ ഏയർ സ്റ്റേജിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നടത്തുന്നതെന്ന് ആർ.എം.ഒ ഡോ. വി.എസ്. ജിതിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11നാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. നവീകരിച്ച ഓപ്പറേഷൻ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയനും, സിക്ക് ന്യൂബോൺ കെയർ യൂണിറ്റ്, ഇ.എം.എസ് ഗ്രന്ഥശാല എന്നിവ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വിവിധ വകുപ്പ് മേധാവികളായ ഡോ. സതീഷ്, ഡോ. വിജുമോൻ, ഡോ. മുനീർ, ഡോ. റോഷ്നി, നഴ്സിംഗ് സൂപ്രണ്ട് രമണി, പ്രസാദ് എന്നിവരും സംബന്ധിച്ചു.