കണ്ണൂർ: മാർക്കറ്റിംഗ് രംഗത്ത് കുടുംബശ്രീയുടെ പുതിയൊരു ചുവടുവയ്പ്പാണ് സപ്ലൈകോയുമായുള്ള പുതിയ സംയോജന പദ്ധതി. സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ, മാവേലി സ്റ്റോറുകൾ എന്നിങ്ങനെ കേരളത്തിൽ 1600ഓളം വിപണന കേന്ദ്രങ്ങൾ സപ്ലൈകോയ്ക്ക് ഇപ്പോഴുണ്ട്. ഇതിലെ സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ എന്നീ കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്താനായി ഒരു പ്രത്യേക ഷെൽഫ് സ്‌പേസ് നൽകാമെന്ന കരാറിൽ കുടുംബശ്രീയും സപ്ലൈകോയും ഇപ്പോൾ എത്തിയിരിക്കുകയാണ്.

ഇത് അനുസരിച്ച് കേരളത്തിലെ സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉത്പന്നങ്ങൾ കൂടി ലഭ്യമാകും. 1.5 മീറ്റർ ഉയരവും 0.90 മീറ്റർ നീളവും 0.3 മീറ്റർ വീതിയുമുള്ള ഷെൽഫാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്കായി നൽകിയിരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ബാങ്ക് റോഡിന് സമീപത്തുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിൽ നടന്നു. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എം. സുർജിത്ത്, സപ്ലൈകോ ഡിപ്പോ മാനേജർ അജയകുമാർ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ എ.വി പ്രദീപൻ ,ഹരിപ്രസാദ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ 40 ലധികം ഔട്ട് ലെറ്റുകളിൽ അടുത്ത ദിവസങ്ങളിൽ കുടുംബശ്രീ നാനോ മാർക്കറ്റുകൾ ആരംഭിക്കും.