padmanabhan
ഒരിക്കൽ കൂടി മാനേജർ സീറ്റിൽ. ; കണ്ണൂർ താഴെച്ചൊവ്വ സ്പിന്നിംഗ് മില്ല് സന്ദർശിക്കാനെത്തിയ സാഹിത്യകാരൻ ടി. പത്മനാഭനെ സ്പിന്നിംഗ് മിൽ മാനേജർ എം. സുരേന്ദ്രൻ തന്റെ സീറ്റിലേക്ക് ആനയിക്കുന്നു. എഫ്.എ.സി.ടി മാനേജറായിരുന്ന ഓർമകൾ കൂടി പങ്ക് വെച്ച ശേഷമാണ് പത്മനാഭൻ മടങ്ങിയത്.

കണ്ണൂർ: നഷ്ടത്തിലായിരുന്ന കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ ലാഭത്തിലായതിന്റെയും തൊഴിലാളികളുടെ സേവനവേതന കരാർ ഒപ്പുവച്ചതിന്റെയും സന്തോഷം പങ്കിടാൻ ചേർന്ന ജീവനക്കാരുടെ യോഗത്തിൽ അതിഥിയായി കഥാകൃത്ത് ടി. പത്മനാഭനും.

തന്റെ സർവീസ് കാലത്തെ അനുഭവങ്ങൾ ജീവനക്കാരുമായി പങ്കുവച്ച അദ്ദേഹം, കമ്പനി തങ്ങളുടേതു കൂടിയാണെന്ന് തൊഴിലാളികൾക്ക് അനുഭവപ്പെടുമ്പോൾ മാത്രമേ അതിനു വിജയിക്കാനാവൂവെന്ന് അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റിൽ തൊഴിലാളികൾക്ക് വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് തൊഴിൽതർക്കങ്ങളും സമരങ്ങളുമുണ്ടാവുന്നത്. അതിനാൽ തൊഴിലാളികളുടെ വിശ്വാസം നേടിയെടുക്കുകയെന്നത് വളരെ പ്രധാനമാണ്. മാനേജ്‌മെന്റിന്റെ അഴിമതിക്കെതിരേ സുപ്രിംകോടതി വരെ നിയമപോരാട്ടം നടത്തി വിജയിച്ച അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പിന്നിംഗ് മിൽ സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.ചെയർമാൻ എം. സുരേന്ദ്രൻ ,​എം.ഡി. സി.ആർ രമേശ്, യൂണിയൻ പ്രതിനിധികളായ കെ.പി അശോകൻ, കെ. സുധാകരൻ, പി.കെ രാജേന്ദ്രൻ, ബി. ജയദേവൻ എന്നിവർ പങ്കെടുത്തു.

30ലക്ഷം നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക്
അഞ്ചു വർഷം മുമ്പ് പ്രതിമാസം 30 ലക്ഷം രൂപ നഷ്ടത്തിലായിരുന്നിടത്ത് നിന്നാണ് കഴിഞ്ഞ രണ്ടു മാസമായി സ്പിന്നിംഗ് മിൽ ലാഭത്തിലേക്കെത്തിയതെന്ന് ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. 10 വർഷമായി മില്ലിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്ന 31 തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സാധിച്ചതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദനം വർധിപ്പിക്കാനായതും വിദേശ രാജ്യങ്ങളിലേക്ക് നൂൽ കയറ്റി അയക്കാനായതും വിജയത്തിൽ നിർണായകമായി. നാഷനൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപറേഷന്റെ സഹായത്തോടെ 17.5 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന നവീകരണത്തിന്റെ ഭാഗമായി 80 ലക്ഷത്തിന്റെ പുതിയ ഒരു സ്പിന്നിംഗ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു. നാലു യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ഇവ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ഉത്പാദനം വർധിപ്പിക്കാനും കൂടുതൽ ലാഭം നേടാനും മില്ലിന് സാധിക്കും.

ചെയർമാൻ എം. സുരേന്ദ്രൻ