കണ്ണൂർ: കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നുവെന്ന കാരണത്താൽ പഠനമുറിക്കുള്ള ആനുകൂല്യം നഷ്ട്ടപ്പെട്ട പട്ടികജാതി കുട്ടിക്ക് ആനുകൂല്യം ലഭ്യമാക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠേന ധാരണ. പട്ടികജാതി വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ പഠനമുറി പദ്ധതി പ്രകാരം പഠനമുറിക്കുള്ള ആനുകൂല്യം നൽകുന്നുണ്ട്. എന്നാൽ ഗുണഭോക്തൃ ലിസ്റ്റിൽ അഞ്ചാമതായി ഉൾപ്പെട്ട പള്ളിക്കുന്ന് സ്വദേശിയായ കുട്ടിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെന്ന കാരണത്താൽ ആനുകൂല്യം നൽകാനാകില്ലെന്ന് പട്ടികജാതി വികസന ഒാഫീസിൽ നിന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ രക്ഷിതാവ് കോർപ്പറേഷനിൽ ആനുകൂല്യത്തിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു

വിദ്യാഭ്യാസ നിയമപ്രകാരം ഏത് കുട്ടിക്കും ആനുകൂല്യത്തിന് അർഹതയുണ്ടെന്നും ഏത് സ്കൂളിൽ പഠിക്കണമെന്നത് കുട്ടിയുടെ മാത്രം താൽപ്പര്യമാണെന്നും യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിച്ചു. തുടർന്ന് പ്രതിപക്ഷവും നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ചിട്ടുള്ള കോഴ്സിന് പഠിക്കുന്നവരെയാണ് ഈ പദ്ധതിയിൽ പരിഗണിക്കുന്നതെന്നും നിലവിലെ വ്യവസ്ഥയനുസരിച്ച് പഠനമുറി അനുവദിക്കുന്നതിന് നിർവ്വാഹമില്ലെന്ന് കാണിച്ചുമാണ് അധികൃതർ ആനുകൂല്യം നിഷേധിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ നിലപാടിനെ യോഗം ശക്തമായി എതിർക്കുകയായിരുന്നു. മേയർ ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി. രവീന്ദ്രൻ, പി. ഇന്ദിര, കെ. ഷബീന എന്നിവർ സംബന്ധിച്ചു.

തെരുവുവിളക്കുകൾ കത്താത്ത പ്രശ്നം കോർപ്പറേഷന്റെ പല ഡിവിഷനുകളെയും സാരമായി ബാധിക്കുന്നുണ്ടെന്നും മോണിറ്ററിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടത്താത്തതാണ് ഇതിന് കാരണമെന്നും കൗൺസിലർ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. വാസ യോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽ തുട‌ർച്ചയായി ഒരേ ഗുണഭോക്താക്കൾ തന്നെ ഉൾപ്പെടുന്നത് പ്രതിപക്ഷം ചോദ്യം ചെയ്തു. ചിലർ ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് നേരത്തെ ഉള്ളവരുടെ പേര് തന്നെ വീണ്ടും പട്ടികയിൽ ഉൾപ്പെടുന്നതെന്ന് കോർപ്പറേഷൻ സെക്രട്ടറി മറുപടി പറഞ്ഞു.

വിദ്യാഭ്യാസ നിയമ നിയമപ്രകാരം ഏതൊരു കുട്ടിക്കും പഠനമുറി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.

ഏത് സ്കൂളിൽ പഠിക്കണമെന്നത് കുട്ടിയുടെ താൽപ്പര്യമാണ്. ആനുകൂല്യം തീർച്ചയായും നൽകണം.

കെ..എം സാബിറ, കൗൺസിലർ