thamil
പോണ്ടിച്ചേരി ഗവർണാറായി നിയമിക്കപ്പെട്ട തമിഴിശൈ സൗന്ദർരാജൻ

മാഹി: കോൺഗ്രസ് നേതാവിന്റെ മകളായി ജനനം. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി ജോലിയിൽ.പിന്നീട് ജോലി രാജി വെച്ച് സാമൂഹ്യ പ്രവർത്തനം.പോണ്ടിച്ചേരി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ലെഫ്റ്റ്.ഗവർണർ കിരൺബേദി പടിയിറങ്ങുമ്പോൾ പകരക്കാരിയായി വരുന്ന തമിഴിശൈ സൗന്ദർരാജൻ തനി രാഷ്ട്രീയക്കാരി മാത്രമല്ല.

നിലവിൽ തെലുങ്കാന ഗവർണറായി പ്രവർത്തിക്കുന്ന ഇവർ കോളജ് പഠനകാലം തൊട്ട് സാമൂഹ്യപ്രവർത്തനത്തിൽ സജീവമാണ്. തമിഴ് നാടിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കുമരി അനന്തന്റെയും കൃഷ്ണ കുമാരിയുടെയും മകളായി 1961ൽ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലാണ് ജനനം. മദിരാശി മെഡിക്കൽകോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദമെടുത്തത്.ഗൈനക്കോളജിയിൽ പി .ജി. എടുത്ത് സോണോളജി, ഫെത്തൽ തെറാപ്പി എന്നിവയിൽ കാനഡ,ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ട്രെയിനിംഗിന് ശേഷം മദിരാശി ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

2003ൽ മെഡിക്കൽ കോളേജിൽ നിന്നും രാജിവെച്ച് മുഴുനീള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയായി മാറി.201013 ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സെക്രട്ടറിയും വക്താവുമായ തമിഴിശൈ 2014 മുതൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി.2019ലാണ് തമിഴിശൈയെ തെലുങ്കാന ഗവർണ്ണറായി നിയമിച്ചത്.നിരവധി പുസ്തകങ്ങൾ രചിച്ച തമിഴിശൈ ആനുകാലികങ്ങളിൽ പതിവായി എഴുതാറുമുണ്ട്. ഭർത്താവ് ഡോ: സൗന്ദരരാജൻ മദിരാശി ശ്രീ രാമചന്ദ്രാ മെഡിക്കൽ കോളേജിൽ പ്രൊഫസറാണ്.മക്കൾ: പൂവിനി,സുഗന്തൻ സൗന്ദരരാജൻ.