kabeer
കബീർ ഇബ്രാഹിം തന്റെ പുസ്തകങ്ങൾക്കിടയിൽ

തലശ്ശേരി: പൈതൃകനഗരത്തിന്റെ ജീവനാഡിയായ എം.ജി.റോഡിന്റെ ഫുട്പാത്തിൽ ബ്രിട്ടിഷുകാർ നട്ടുവളർത്തിയ ഡിവിഡിവി മരത്തണലിൽ പുസ്തകകൂമ്പാരങ്ങൾക്കിടയിൽ ഏതുപകലിലും കബീറുണ്ടാകും.

താടിയും മുടിയും നീട്ടിയ ഈ തൊപ്പിക്കാരൻ ഈ നഗരത്തിന്റെ പതിവ് ചിത്രങ്ങളിലൊന്നായി വർഷങ്ങൾ ക ഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഈ മരത്തണലിൽ പുസ്തകങ്ങളുമായി 37കാരനായ ഈ കതിരൂർ സ്വദേശിയുണ്ട്. ലോകോത്തര എഴുത്തുകാരുടേതു തൊട്ട് മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയടക്കം കൃതികൾ കബീറിന്റെ ശേഖരത്തിലുണ്ട്.
ബ്രണ്ണൻകോളേജിലെ പഠനകാലത്ത് തന്നെ പുസ്തകങ്ങളോട് ചങ്ങാത്തം കൂടിയതാണ് കബീർ. കതിരൂർ വിന്നേഴ്സ് വായനശാലയിൽ ലൈബ്രേറിയനായി. പൊന്ന്യത്തെ ജോളി ലൈബ്രറിയിലും പ്രവർത്തിച്ചു.ഇതിന് ശേഷം ഏഴ് വർഷം ഗൾഫിൽ ജോലി ചെയ്തപ്പോഴും മനസ് പുസ്തകങ്ങളുടെ ലോകത്തായിരുന്നു. പുസ്തകങ്ങളോടുള്ള ഇഷ്ടം ജോലി വിട്ട് നാട്ടിലെത്താൻ പ്രേരണയായി. ആദ്യം കണ്ണൂർ സ്റ്റേഡിയം സ്‌ക്വയറിലും പിന്നീട് കൂത്തുപറമ്പ് മാറോളിഘട്ടിലുമായിരുന്നു വില്പന.

കൊവിഡ് തുടങ്ങും വരെ ഒട്ടുമിക്ക ദിവസങ്ങളിലും ബി.ഇ.എം.പി.സ്‌കൂൾ അങ്കണത്തിൽ ഏതെങ്കിലും സാംസ്‌ക്കാരിക സദസുണ്ടാകും. വൈകുന്നേരങ്ങളിൽ കോഫി ഹൗസിൽ ഒത്തുചേരുന്ന സഹൃദയ കൂട്ടായ്മകളുമുണ്ടാകും. ഇക്കൂട്ടത്തിൽ അറിയപ്പെടുന്ന എഴുത്തുകാരും, പ്രഭാഷകരുമൊക്കെയുണ്ടാവും.ഇവരിൽ പലരും കബീറിന്റെ പുസ്തകങ്ങൾ മറിച്ച് നോക്കുകയും വാങ്ങുകയും ചെയ്യും. പഴയ അമൂല്യ ഗ്രന്ഥങ്ങൾ വിൽക്കാനെത്തുന്നവരും കൂട്ടത്തിലുണ്ട്. അവ ആവശ്യക്കാർക്ക് കബീർ വിൽക്കും.

വേനൽക്കാലത്തേക്കാൾ മഴക്കാലമാണ് വായനയ്ക്ക് കൂടുതൽ പ്രചോദനമെന്ന് കബീർ അനുഭവംസാക്ഷ്യപ്പെടുത്തി പറയുന്നു. പുസ്തകം കൂടുതലും വിറ്റഴിയുന്നത് ഇക്കാലത്താണെന്നും ഇദ്ദേഹം പറഞ്ഞു.ഓപ്പൺ ബുക്‌സിലെ രാജേന്ദ്രനും ഫോട്ടോഗ്രാഫർ ശ്യാം സുന്ദറുമാണ് തെരുവിലേക്ക് പുസ്തങ്ങളുമായി ഇറങ്ങാൻ കബീറിന് പ്രചോദനമേകിയത്.പുസ്തകത്തെ പ്രണയിക്കുന്ന കബീറിന് ജീവിതത്തിൽ പ്രണയിനിയില്ല. എന്നാൽ അതിവിപുലമായ സൗഹൃദമുണ്ടുതാനും . ഹിന്ദുസ്ഥാനി സംഗീതത്തിൽ നല്ല അവഗാഹമുള്ള ഇദ്ദേഹം ഗസൽ മെഹഫിലുകൾ മനോഹരമായി ആലപിക്കാറുണ്ട്. 'റൂ ഹെ ഗസൽ '' മനുഷ്യ ചരിത്രത്തിൽ നിന്നും ഒരു ചെറിയ അദ്ധ്യായം ', എന്നീ

പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.