yogi

കാസർകോട്: 'അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ,നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനം 21ന് വൈകിട്ട് മൂന്നിന് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും. ഉദ്ഘാടനപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 30000 പ്രവർത്തകർ ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കും. 50 നേതാക്കൾ വേദിയിലുണ്ടാകും. കർണ്ണാടകയിൽ നിന്നുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യോഗി ആദിത്യനാഥ് റോഡ് മാർഗ്ഗം കാസർകോട്ടെത്തും. അദ്ദേഹത്തിന്റെ സുരക്ഷാ വിലയിരുത്താനായി ഉത്തർപ്രദേശിൽ നിന്നുള്ള പ്രത്യേക സുരക്ഷാ ടീം ഇന്നലെ കാസർകോട്ടെത്തി.

21ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി പ്രവർത്തകർ മൈതാനത്തിനുള്ളിലേയ്ക്ക് പ്രവേശിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികൾക്ക് ശേഷം മാർച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കും. യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ ജില്ലകളിൽ നടക്കുന്ന സ്വീകരണ പരിപാടികളിൽ കേന്ദ്ര നേതാക്കൾ പങ്കെടുക്കും.

ആവേശത്തോടെ പ്രവർത്തകർ
കാസർകോട്ട് ആദ്യമായെത്തുന്ന യോഗി ആതിഥ്യനാഥിനെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ വിജയദീപം തെളിയിക്കും. 20ന് രാവിലെ കാസർകോട്ടെത്തുന്ന കെ.സുരേന്ദ്രൻ മധൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11ന് ജില്ലയിലെ ഭാഷാനൂനപക്ഷ സംഘടനകളുടേയും സാംസ്‌കാരിക നായകന്മാരുടേയും യോഗം നടക്കും. വൈകിട്ട് മൂന്നിന് സാമുദായിക സംഘടനകളുടേയും ആരാധനായങ്ങളുടെ ഭാരവാഹികളുടേയും യോഗം . വൈകിട്ട് 7.30ന് ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നടക്കും. കൊവിഡ് പ്രോട്ടോക്കാൾ പൂർണ്ണമായും പാലിച്ചായിരിക്കും പരിപാടി നടക്കുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.വാർത്ത സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, മീഡിയ സെൽ കൺവീനർ ബാബുരാജ് എന്നിവരും പങ്കെടുത്തു.