seamen
നീലേശ്വരം തൈക്കടപ്പുറം സീറോഡ് മത്സ്യതൊഴിലാളികോളനിയിലെ കൂരകളിലൊന്ന്

നീലേശ്വരം:ഭവനനിർമ്മാണത്തിൽ പുതുമാതൃക തീർത്തതായി സർക്കാർ അവകാശപ്പെടുമ്പോഴും നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം സീറോഡിൽ ഇതിന് ഒരു അപവാദമുണ്ട്. കഴിഞ്ഞ നാൽപത് വർഷമായി ഈ മത്സ്യതൊഴിലാളി കോളനിയിൽ എട്ട് കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരയിലാണ് താമസിക്കുന്നത്. ഇനി ഒരു മഴ പെയ്താൽ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠ പങ്കിടുകയാണിവരിപ്പോൾ.

കഴിഞ്ഞ നാലുവർഷമായി അഞ്ചു സെന്റ് സ്ഥലത്തിന്റെ പട്ടയവുമായി ഒരു വീട് അനുവദിച്ചുകിട്ടാൻ നഗരസഭയിലും ഫിഷറീസ് വകുപ്പ് ഓഫീസിലും കയറി ഇറങ്ങുകയാണിവർ.മഴക്കാലം വന്നാൽ ഏത് നിമിഷവും പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ള വീട്ടിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. അപേക്ഷയുമായി നഗരസഭയിൽ എത്തിയാൽ ഫിഷറീസ് വകുപ്പ് മുഖേന വീട് അനുവദിച്ച് തരുമെന്ന് പറഞ്ഞ് തങ്ങളെ തിരിച്ചയക്കുകയാണ് പതിവെന്ന് ഇവർ പറയുന്നു.

മത്സ്യതൊഴിലാളി കോളനിയിലെ സുരേശൻ,സനോജ്, ഭാരതി പവിത്രൻ, സിദ്ദിഖ്, ഇന്ദിര, നാരായണി, സത്യൻ തുടങ്ങിയ കുടുംബങ്ങളാണ് വീടിന് വേണ്ടി നഗരസഭയിലും ഫിഷറീസ് വകുപ്പ് ഓഫീസിലും കയറിയിറങ്ങുന്നത്. ഫിഷറീസിന്റെ പുനർഗേഹം പദ്ധതിയിൽ വീട് പണിയാനും മൂന്ന് സെന്റ് സ്ഥലം വാങ്ങാനുമായി പത്ത് ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.എന്നാൽ

ഫിഷറീസ് വകുപ്പ് നൽകുന്ന തുകയ്ക്ക് ഇന്ന് ഇവിടെ സ്ഥലം കിട്ടില്ലെന്ന് മത്സ്യതൊഴിലാളിയായ സുരേശൻ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന നീലേശ്വരം നഗരസഭ ബഡ്ജജറ്റ് ചർച്ചക്കിടയിൽ വാർഡ് കൗൺസിലർ വി.വി. വിനു ഈ മത്സ്യതൊഴിലാളികളുടെ വീട് നിർമ്മാണം സംബന്ധിച്ച് ഉന്നയിച്ചതാണ്.

സി.ആർ.സെഡ് തടസമേയല്ല

തീരദേശ പരിപാലന നിയമത്തിന്റെ പേരും പറഞ്ഞും ഇവരുടെ അപേക്ഷകൾ തിരിച്ചയച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താമസിക്കുന്ന വീടിന് അത് ബാധകമല്ലെന്നാണ് ഇവരുടെ വാദം.

2011ൽ നിലവിൽ വന്ന കോസ്റ്റൽ റഗുലേഷൻ സോൺ റൂൾ ആണ് തീരമേഖലയിൽ നിർമ്മാണത്തിന് തടസമായി നിന്നത്.ദൂരപരിധി കുറച്ച് ഭേദഗതി ചെയ്തതോടെ തൈക്കടപ്പുറം സീറോഡ് മത്സ്യതൊഴിലാളി കോളനിയിലെ ഈ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം സി.ആർ.സെഡ് നിയമത്തിന് പുറത്തായി. നഗരസഭയിൽ ഉൾപ്പെട്ട പ്രദേശമാണെന്നതും പരിഗണിക്കപ്പെടും.

പുനർഗേഹം പദ്ധതിയിൽ മത്സ്യതൊഴിലാളികൾക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങാനും വീട് പണിയാനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട് .അതിനുള്ള നടപടികൾ ജില്ലയിൽ ആരംഭിച്ചുകഴിഞ്ഞു -

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ