മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ കോംപ്ളക്സിന്റെ പ്രവർത്തനം തുടങ്ങി.
1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാർഗോ കോംപ്ലക്‌സിൽ 12000 മെട്രിക് ടൺ ചരക്ക് നീക്കത്തിന് ശേഷിയുള്ളതാണ് .
ആദ്യ കാർഗോ ഇൻഡിഗോ എയർലൈൻസിനാണ്. എളുപ്പത്തിൽ നശിച്ചുപോവുന്ന മത്സ്യ മാംസങ്ങൾ, പൂക്കൾ, പഴങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയും എഫ്.എം.സിജി ഉത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ഡ്രൈ ഫ്രൂട്ട്‌സ്, വേർജിൻ വെളിച്ചെണ്ണ, മറ്റു ഉത്പന്നങ്ങൾ എന്നിവയുമാണ് കയറ്റിയയക്കുന്നത്. 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 55000 മെട്രിക് ടൺ ചരക്ക് നീക്കത്തിനു സാധിക്കുന്ന കാർഗോ കോംപ്ലക്‌സിന്റെ നിർമാണം നടന്നുവരികയാണ്. ഇത് പൂർണമായും അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായിരിക്കും .
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യാതിഥിയായി. മന്ത്രി ഇ. പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഭദ്ര ദീപം കൊളുത്തി. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.പുതുതായി ആരംഭിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഉദ്ഘാടനം കിയാൽ മാനേജിങ് ഡയരക്ടർ വി തുളസിദാസ് നിർവഹിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ശശീന്ദ്രൻ, കെ .കെ. ശൈലജ , എം .പിമാരായ കെ. സുധാകരൻ, കെ .കെ. രാഗേഷ്, മട്ടന്നൂർ നഗരസഭാ ചെയർപേഴ്‌സൺ അനിത വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ സർവീസിന് ശ്രമം തുടരും : മുഖ്യമന്ത്രി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശകമ്പനികൾക്ക് ഉൾപ്പെടെ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ശ്രമം തുടർച്ചയായി നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്‌സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂർ വിമാനത്താവളത്തിന് ഇത് പരീക്ഷണകാലം ആയിരുന്നു. ഇച്ഛാ ശക്തിയോടെയും കൂട്ടുത്തരവാദിത്തതോടെയുമുള്ള പ്രവർത്തനം കൊണ്ട് അതിനെ നേരിടാനായെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.