പയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമായി പുതുതായി അനുവദിച്ച പൊലീസ് സബ് ഡിവിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വിസ്തൃതിയും പൊലീസിന്റെ ജോലി ഭാരവും കുറക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പയ്യന്നൂരിലുൾപ്പെടെ പുതിയതായി 25 സബ്ഡിവിഷനുകൾ സംസ്ഥാനത്ത് അനുവദിച്ചത്.
സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെയാണ് പയ്യന്നൂരിലും പുതിയ ഡിവിഷൻ എന്ന ആവശ്യം യാഥാർത്ഥ്യമായത്. നിലവിൽ പത്തിലധികം സ്റ്റേഷനുകളുള്ള തളിപ്പറമ്പ് സബ്ഡിവിഷന്റെ കീഴിലാണ് പയ്യന്നൂർ ഉള്ളത്.
കർണാടക അതിർത്തി വരെ പരിധിയുള്ള ചെറുപുഴ സ്റ്റേഷൻ ഉൾപ്പെടെ മൂന്ന് സ്റ്റേഷനുകൾ നേരത്തെ പയ്യന്നൂർ സർക്കിൾ പരിധിയിലാണ് ഉണ്ടായിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ തസ്തിക നിർത്തലാക്കുകയും സർക്കിൾ ഓഫീസുകൾ ഇല്ലാതാവുകയും ചെയ്തതോടെ, ഓഫീസ് നിയന്ത്രണം കാര്യക്ഷമമല്ല എന്ന പരാതിക്കു കൂടിയാണ് ഡിവിഷൻ വരുന്നതോടെ പരിഹാരമാവുന്നത്.
പ്രമാദമായ നിരവധി കേസുകൾ ഉള്ള സ്റ്റേഷനാണ് പയ്യന്നൂർ. ഡിവൈ.എസ്.പി യോ അസി.കമ്മീഷണറോ നേരിട്ട് അന്വേഷിക്കേണ്ട കേസുകളും നിരവധിയാണ്. ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി.വി. രാജേഷ് എം.എൽ.എ, ഡി.ഐ.ജി കെ. സേതുരാമൻ എന്നിവർ മുഖ്യാതിഥികളായിയിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, നഗരസഭാംഗം മണിയറ ചന്ദ്രൻ, തളിപ്പറമ്പ് ഡിവൈ.എസ് പി കെ.ഇ. പ്രേമചന്ദ്രൻ, രമേശൻ വെള്ളോറ, കെ. പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. ജില്ല പൊലീസ് മേധാവി നവനീത് ശർമ്മ സ്വാഗതവും സ്റ്റേഷൻ ഓഫീസർ എം.വി.പ്രമോദ് നന്ദിയും പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ
തീരുമാനം വൈകാതെ
പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ എന്നീ സ്റ്റേഷനുകൾക്കു പുറമെ പഴയങ്ങാടി, പരിയാരം സ്റ്റേഷനുകൾ കൂടി പയ്യന്നൂർ സബ് ഡിവിഷനിൽ ഉൾപ്പെടുത്തിയേക്കുമെന്നാണറിയുന്നത്. എന്നാൽ ഇതു സബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. സർക്കിളുകളിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഓഫീസർമാരായിരിക്കും പുതിയ ഡിവിഷനുകളിൽ ഡിവൈ.എസ്.പിമാരായി എത്തുക. പയ്യന്നൂരിൽ എം.സുനിൽ കുമാറാണ് പുതിയ ഡിവൈ.എസ്.പി. പയ്യന്നൂരിന് പുറമെ ജില്ലയിൽ കൂത്തുപറമ്പും പേരാവൂരും കാസർകോട് ജില്ലയിൽ ബേക്കലുമാണ് പുതിയ സബ്ഡിവിഷൻ വരുന്നത്.