മട്ടന്നൂർ: നഗരത്തിന്റെ സൗന്ദര്യവൽക്കരണം ഈ വർഷം നടപ്പാക്കുമെന്ന് നഗരസഭാ ബഡ്ജറ്റിൽ പ്രഖ്യാപനം. കെ.എസ്.ടി.പി റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ കഴിയാഞ്ഞത്. വിമാനത്താവള നഗരമെന്ന നിലയിലുള്ള സൗന്ദര്യവൽക്കരണ പ്രവൃത്തികൾക്കായി 25 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി.

പൊലീസ് സ്‌റ്റേഷൻ ബൈപാസ് റോഡും ഈ വർഷം പൂർത്തിയാക്കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. കല്ലൂരിൽ നിർമാണം തുടങ്ങുന്ന ഒരു ലക്ഷം ലിറ്റർ മലിനജലം സംസ്‌ക്കരിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ പൂർത്തീകരണത്തിന് രണ്ടു കോടി രൂപ വകയിരുത്തി. ബസ് സ്റ്റാൻഡിനോട് ചേർന്ന് 20 സെന്റ് സ്ഥലത്ത് ഡബിൾ ഡക്കർ സംവിധാനത്തോടു കൂടിയ ടാക്‌സി സ്റ്റാൻഡ് നിർമിക്കും. ഇതിനായി 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. ആകെ 55,33,01089 രൂപ വരവും 55,46,80444 രൂപ ചെലവും 36,90,5452 രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർമാൻ പി. പുരുഷോത്തമൻ അവതരിപ്പിച്ചത്. നഗരസഭാദ്ധ്യക്ഷ അനിതാ വേണു അദ്ധ്യക്ഷത വഹിച്ചു.