chitram
ചിത്രകാരൻ കെ.കെ.മാരാർ ചിത്രത്തിരശ്ശീല പ്രേക്ഷകർക്ക് സമർപ്പിക്കുന്നു.

തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ 25 പ്രശസ്ത കലാകാരന്മാർ ഒരുക്കിയ ചിത്രത്തിരശ്ശീല മലയാളസിനിമയിലെ മറക്കാനാകാത്ത മുഹൂർത്തങ്ങളിലേക്കുള്ള തിരനോട്ടമായി.
ചലച്ചിത്രോത്സവ വേദികളിലൊന്നായ തലശ്ശേരി ലിബർട്ടി തിയേറ്ററിന്റെ കൂറ്റൻ മതിലുകൾ മലയാള സിനിമയുടെ നാൾവഴികളാണ് തുറന്നുവെച്ചത്. ഇന്ത്യൻ സിനിമയെ ലോകസിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഖ്യാത സംവിധായകരുടെയും തലശ്ശേരിയിൽ ജന്മമെടുത്ത ചലച്ചിത്രകാരന്മാരുടെയും സിനിമകളെ പ്രമേയമാക്കിയായിരുന്നു ചിത്രങ്ങൾ.
രാമു കാര്യാട്ടിന്റെ ചെമ്മീൻ, ടി.വി.ചന്ദ്രന്റെ പൊന്തൻമാട, കെ.ജി. ജോർജിന്റെ യവനിക, ജയരാജിന്റെ ഒറ്റാൽ, എം.ടി.വാസുദേവൻ നായരുടെ നിർമ്മാല്യം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, ഭരതന്റെ അമരം, ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുത, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ചാർളി ചാപ്ലിൻ, സത്യജിത് റേ തുടങ്ങിയവരുടെ ക്ലാസ്സിക് ചിത്രങ്ങളിലെ മറക്കാനാകാത്ത മുഹൂർത്തങ്ങളെ തുറന്നുകാട്ടി.സെൽവൻ മേലൂർ, കെ.എം. ശിവകൃഷ്ണൻ, കലൈമാമണി സതി ശങ്കർ, ബി.ടി.കെ.അശോക്, സുരേഷ് കൂത്തുപറമ്പ്, സാൽവിയ, വി.കെ.രമേശൻ, രാഗേഷ് പുന്നോൽ, നിഷ ഭാസ്‌കർ തുടങ്ങി 25 പ്രശസ്ത കലാകാരന്മാരാണ് സിനിമാ മുഹൂർത്തങ്ങളെയും ശിൽപ്പികളെയും അതി മനോഹരമായി പകർത്തിവച്ചത്.
പ്രശസ്ത സംവിധായകനും, അക്കാഡമി അംഗവുമായ പ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയിൽ വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർ ചിത്രത്തിരശ്ശീല പ്രേക്ഷകർക്കായി സമർപ്പിച്ചു.ചലച്ചിത്ര നിർമ്മാതാവ് ലിബർട്ടി ബഷീർ, ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ സംസാരിച്ചു. കോ ഓർഡിനേറ്റർ സെൽവൻ മേലൂർ സ്വാഗതവും സംവിധായകൻ ജിത്തു കോളയാട് നന്ദിയും പറഞ്ഞു.

ചിത്രവിവരണം: വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർ ചിത്രത്തിരശ്ശീല പ്രേക്ഷകർക്ക് സമർപ്പിക്കുന്നു.