m-t-ramesh

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണെന്നും ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് അപ്പോഴേ അറിയാനാവൂയെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ മുഴുവൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. വിജയയാത്രയ്ക്ക് ശേഷമേ സ്ഥാനാർത്ഥിനിർണയം തുടങ്ങൂവെന്നും, 2016ൽ 89 വോട്ടിന് പരാജയപ്പെട്ട കെ. സുരേന്ദ്രൻ ഇത്തവണയും മഞ്ചേശ്വരത്ത് മത്സരിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. മഞ്ചേശ്വരവും കാസർകോടും വർഷങ്ങളായി ബി.ജെ.പി രണ്ടാംസ്ഥാനത്തുവരുന്ന മണ്ഡലങ്ങളാണ്. മഞ്ചേശ്വരത്ത് ഇത്തവണ ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പാണ്. അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. നിയമനം അട്ടിമറിക്കുന്ന സർക്കാർ നയത്തിനെതിരെ സമരം ചെയ്യുന്നവർക്ക് വേണ്ടിയാണ് ശോഭാസുരേന്ദ്രൻ ഇപ്പോൾ പ്രതികരിക്കുന്നതെന്നും ചോദ്യത്തിന് എം.ടി. രമേശ് മറുപടി പറഞ്ഞു.

പെട്രോൾ , ഡീസൽ വിലവർദ്ധന കുറയ്ക്കാൻ സംസ്ഥാന സർക്കാർ നികുതി കുറക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്. ഈ വകയിൽ കേന്ദ്രം കൂട്ടുന്ന തുക മറ്റൊരു വിധത്തിൽ രാജ്യത്തെ ജനങ്ങൾക്ക് സഹായമായി നൽകുന്നുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും ഭരണം കിട്ടുമ്പോഴെല്ലാം സ്വന്തക്കാരെ പിൻവാതിലൂടെ തിരുകിക്കയറ്റുന്നതിന് റാങ്ക് ലിസ്റ്റുകൾ മരവിപ്പിക്കുകയോ, നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നത് വർഷങ്ങളായി കേരളത്തിൽ പതിവാണ്. സെക്രട്ടേറിയറ്റിന് മുമ്പിൽ സമാധാനപരമായി നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന വിചിത്രമാണെന്നും രമേശ് പറഞ്ഞു.