kaipad

കണ്ണൂർ: തനത് ആവാസ വ്യവസ്ഥയും വൈവിദ്ധ്യവും പരമ്പരാഗത കൃഷികളും നിലനിർത്തി ജൈവ നെല്ല്,മത്സ്യ ഉല്പന്നങ്ങളുടെ ഉല്പാദനവർദ്ധനവിനായി കൈപ്പാട് വികസന ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. പോഷക സമ്പുഷ്ടമായ കൈപ്പാട് ജൈവഅരിയുടെ ഉത്പാദനം വർദ്ധിപ്പിച്ച് ജനങ്ങളുടെ പോഷകാഹാര സുരക്ഷ ഉറപ്പാക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം.

കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ തീരദേശപഞ്ചായത്തുകളാണ് കൈപ്പാട് വികസന ഏജൻസിയുടെ പ്രവർത്തന മേഖല.കണ്ണൂർ ജില്ലയിൽ ഏഴോം,ചെറുകുന്ന്, കണ്ണപുരം, പട്ടുവം, ആന്തൂർ, കുഞ്ഞിമംഗലം, ചെറുതാഴം, രാമന്തളി, കരിവെള്ളൂർ പെരളം,​ കാട്ടാമ്പള്ളി ,​കൊളച്ചേരി, ചേലോറ, പുഴാതി, എളയാവൂർ, നാറാത്ത്, ചിറക്കൽ, കുറ്റ്യാട്ടൂർ, പിണറായി, മുണ്ടേരി, ധർമ്മടം,എരഞ്ഞോളി, ചൊക്ലി, കരിയാട്.എന്നിവിടങ്ങളിലാണ് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ധേശിക്കുന്നത്.

2019-20ൽ കണ്ണൂർ ജില്ലാപഞ്ചായത്ത് കാട് കയറിയ കൈപ്പാട് തരിശുരഹിതമാക്കുന്നതിനായി 1.30കോടി രൂപ നീക്കി വച്ചിരുന്നു. ഏജൻസിയിൽ അംഗമായ കേരള കാർഷിക സർവ്വകലാശാല പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം 2020-21 വർഷം കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടി ഉപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ ,​തീരുമാനങ്ങൾ

തനത് ആവാസം തകിടം മറിക്കുന്ന ഉല്പാദനോപാധികൾ പാടില്ല

ഗവേഷണം,​ വികസന പ്രവൃത്തി, നിർമ്മാണം, നികത്തൽ, പരിവർത്തനം എന്നിവ പാടില്ല

മത്സ്യകുഞ്ഞുങ്ങളെ പുറത്ത് നിന്ന് കൊണ്ടുവന്ന് നിക്ഷേപിക്കരുത്

പരമ്പരാഗത മത്സ്യബന്ധനം നിലനിർത്തണം

ചുരുങ്ങി ചുരുങ്ങി കൈപ്പാട്

കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി കൈപ്പാട് പ്രദേശങ്ങൾ ചുരുങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ണൂർ,കാസർകോട്,കോഴിക്കോട് ജില്ലകളിലായി 4100 ഹെക്ടർ വ്യാപ്തിയുണ്ടായിരുന്ന കൈപ്പാട് പ്രദേശങ്ങൾ ഇപ്പോൾ 3800 ഹെക്ടർ മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കൈപ്പാട് വികസന ഏജൻസിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.ഇതിൽ തന്നെ 30 ശതമാനത്തിൽ താഴെ മാത്രമേ ഉപയോഗിച്ചുവരുന്നുള്ളു.

മൂന്ന് ജില്ലകളിലെയും ജില്ലാ കളക്ടർമാർ,​ എം.പിമാർ,എം.എൽ.എമാർ ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റുമാർ ,വിവിധ കാർഷിക വകുപ്പ് മേധാവികൾ എന്നിവരുടെ നേതൃത്വത്തിലാണ് കൈപ്പാട് വികസന ഏജൻസിയുടെ പ്രവർത്തനം

പ്രൊഫ.ഡോ.ടി.വനജ,​ഡയറക്ടർ കൈപ്പാട് വികസന ഏജൻസി