pappinissery
സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌ക്കാരം സ്വരാജ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, മുൻ പ്രസിഡന്റ് കെ. നാരായണൻ, സെക്രട്ടറിമാരായ കെ.വി. പ്രകാശൻ, കെ.ബി ഷംസുദ്ദീൻ എന്നിവർ മന്ത്രി എ.സി മൊയ്തീനിൽ നിന്ന് ഏറ്റുവാങ്ങുന്നു

പാപ്പിനിശ്ശേരി: 2019-20 വർഷത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപയും പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രാമ പഞ്ചായത്തിനുളള ഒന്നാം സ്ഥാനം ലഭിക്കുന്നത്. 2016-17 വർഷം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കുകയും തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിയും ഒന്നാം സ്ഥാനവും നിലനിർത്തി വരികയാണ്. കൂടാതെ തുടർച്ചയായി 2 വർഷമായി ദേശീയ തലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള ജി.പി.ഡി.പി അവാർഡും ദീനദയാൽ ഉപാദ്യായ പഞ്ചായത്ത് സശാക്തീകരൺ അവാർഡും പഞ്ചായത്തിനാണ്.

അവാർഡ് ഇനത്തിൽ മാത്രം കഴിഞ്ഞ ഭരണസമിതി ഒന്നരക്കോടി രൂപ ഗ്രാമ പഞ്ചായത്തിന് മുതൽകൂട്ടാക്കി.
ഈ അംഗീകാരത്തിനെല്ലാം ചുക്കാൻ പിടിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.നാരായണൻ ആണ്. മികച്ച ഭരണസമിതിയും അർപ്പണ മനോഭാവമുള്ള ജീവനക്കാരും നിർവ്വഹണ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ അംഗീകാരങ്ങൾ ലഭ്യമാക്കിയത്. മാലിന്യ സംസ്‌കരണ രംഗത്തെ മികച്ച മാതൃകകളായ കോഴി അറവ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള റെണ്ടറിംഗ് പ്ലാന്റ്, സ്വഛ് ഭാരത് ഗോബർധൻ ബയോ ഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ ജന ശ്രദ്ധ ആകർഷിച്ച പദ്ധതികളാണ്.