കാഞ്ഞങ്ങാട്: നഗരത്തിലെ അർബൻ ബാങ്കിൽ പണയപ്പെടുത്തിയ ആഭരണങ്ങൾ തിരിച്ചെടുത്ത് ജുവലറിയിൽ ഏൽപിക്കാമെന്ന ഉറപ്പിൽ രണ്ടുലക്ഷം കൈപ്പറ്റി മുങ്ങിയ യുവതിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ചെറുവത്തൂരിലെ എസ്.ആർ. ജുവലറി ഉടമ സഞ്ജയിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം.

ജുവലറിയിലെത്തിയ പർദ്ദയണിഞ്ഞ യുവതി കാഞ്ഞങ്ങാട്ടെ അർബൻ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം തിരിച്ചെടുക്കാൻ രണ്ട് ലക്ഷം ആവശ്യമുണ്ടെന്നും തിരിച്ചെടുക്കുന്ന സ്വർണ്ണം അതേപടി ജുവലറിയിൽ ഏൽപിക്കാമെന്ന് ഉറപ്പും നൽകി. ജുവലറിയുടമ ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തുകയും യുവതിയോടൊപ്പം കാഞ്ഞങ്ങാട്ടെത്തി ബാങ്കിൽ നിന്ന് സ്വർണ്ണമെടുത്ത് തിരികെ ജുവലറിയിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഓട്ടോയിൽ യുവതിയും കുട്ടിയും കാഞ്ഞങ്ങാട്ടെത്തുകയും അർബൻ ബാങ്കിൽ കയറി വായ്പ സംബന്ധമായ രേഖകൾ പരിശോധിച്ച ശേഷം ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്ന് രണ്ടുലക്ഷം കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബാങ്കിനു സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.