talassery
ഇന്നലെ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്

തലശ്ശേരി: യൂറോളജി, ഓർത്തോ, ജനറൽ സർജറി,സെപ്റ്റിക് വിഭാഗങ്ങളിൽ വെവ്വേറെ ശസ്ത്രക്രിയ നടത്താനുള്ള തീയേറ്ററുകൾ സജ്ജമായതോടെ തലശ്ശേരി ജനറൽ ആശുപത്രിയുടെ വികസനത്തിൽ നിർണായക ചുവടുവെപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് ഓപ്പറേഷൻ തീയേറ്റർ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തത്.

തീയേറ്റർ കോംപ്ളക്സ് സജ്ജമായതോടെ വിവിധ വിഭാഗങ്ങളിൽ ആഴ്ചയിൽ ഒരുദിവസം മാത്രം നടന്നിരുന്ന ശസ്ത്രക്രിയകൾ എല്ലാ ദിവസവും നടത്താനാവും. ഒരാഴ്ച വരെ കാത്തിരുന്ന ശേഷമായിരുന്നു ഇതുവരെ രോഗികളുടെ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്.ലാമിന ഫ്‌ളോ വിത്ത് ഹെപ ഫിൽറ്റർ ഉപയോഗിച്ചതിനാൽ തീർത്തും അണുവിമുക്തമായിരിക്കും. എൻ.എ. ബി.എച്ച് നിലവാരത്തിലേക്കുയരുകയും ചെയ്യും.14 കിടക്കകളോടുകൂടിയ സർജിക്കൽ ഐ.സി.യു ഇതോടൊപ്പമുണ്ട്. ഇതിന് പുറമെ ആശുപത്രി വികസന സമിതി 15 ലക്ഷം രൂപ ചിലവഴിച്ച് കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മാതൃകയായി തലശ്ശേരി ഗവ.ജനറൽ ആശുപത്രി മാറിയെന്ന് എ.എൻ.ഷംസീർ എം.എ പറഞ്ഞു. മന്ത്രി കെ.കെ.ശൈലജയാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്.

മാതൃകയാണ് ഈ ആശുപത്രി

ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി ലാബിന്റെ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്.ഇതോടൊപ്പം ആധൂനിക ലേബർ റൂമിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. 98 ലക്ഷം രൂപയാണ് ഇതിന് രണ്ടിനുമായി ചിലവഴിക്കുന്നത്.20 ലക്ഷം ചിലവിൽ കുട്ടികളുടെ ഐ.സി.യു.വിന്റെ പണിയും പൂർത്തിയായിട്ടുണ്ട്.ശിശു പരിചരണ വിഭാഗത്തിൽ 12 കിടക്കളും സജ്ജീകരിക്കും.
18 ഒ.പി. മുറികളോടുകൂടിയ ഒ.പി. കോംപ്ലക്സ് ഒരു കോടിയോളം രൂപ ചിലവിൽ നിർമ്മിതി കേന്ദ്രമാണ് സജ്ജമാക്കിയത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് യാഥാർത്ഥ്യമാക്കിയത്.നേരത്തെ ഏഴ് ബെഡുകളുള്ള ഐ.സി.യു.വിന് പകരം പുതുതായി 10 ബെഡ്ഢുകളുള്ള ഒരു ഐ.സി.യു.കൂടി തുടങ്ങി.


തീരദേശ നിയമവും പൈതൃക സംരക്ഷണ നിയമവും നിലനിൽക്കുന്നതിനാൽ ഭാതിക വികസനം നടത്താൻ കടമ്പകളേറെയായിരുന്നു. എന്നാൽ ശീതികരിച്ച പ്രസവവാർഡും ഡയാലിസിസ് സെന്ററും ഓക്സിജൻ പ്ളാന്റും യൂറോളജിക്ക് പ്രത്യേക വിഭാഗവും ഒരുക്കിയും പോസ്റ്റ്‌മോർട്ടം കെട്ടിടം നവീകരിച്ചും. കാന്റീൻ വിപുലപ്പെടുത്തിയുംആശുപത്രി കോമ്പൗണ്ടിനുള്ളിലെ റോഡുകൾ നന്നാക്കിയും പുതിയ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചും ആശുപത്രി അടുത്ത കാലത്ത് കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണ് -കെ.കെ.ശൈലജ(ആരോഗ്യമന്ത്രി)​.

കൈയടി നേടി ആശുപത്രി സൂപ്രണ്ട്

തലശ്ശേരി: തലശ്ശേരി ഗവ.ജനറൽ ആശുപത്രി വികസനത്തിൽ നിർണായക പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്നലെ പ്രാസംഗികർ ഒന്നടങ്കം ആശുപത്രി സൂപ്രണ്ട് പീയൂഷ് എം.നമ്പൂതിരിപ്പാടിനെ പ്രശംസിക്കുകയായിരുന്നു. ആശുപത്രിയുടെ വികസനത്തിന് പ്രയോഗികമായ രൂപരേഖകളുണ്ടാക്കുകയും സഹപ്രവർത്തകരേയും വികസന സമിതിയേയും, ജനപ്രതിനിധികളെയും ഒപ്പം നിർത്തി സർക്കാറുകളിൽ നിന്നും പദ്ധതികൾ നേടിയെടുക്കാൻ അദ്ദേഹം കാട്ടിയ നേതൃപാടവത്തെയാണ് എല്ലാവരും പ്രശംസിച്ചത്.അറിയപ്പെടുന്ന സംഗീതജ്ഞനും നടനും കൂടിയാണ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട്.