പയ്യന്നൂർ: കേരളാ ഫോക് ലോർ അക്കാഡമി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഫോക് ലോർ ചലച്ചിത്രോത്സവത്തിന് പയ്യന്നൂരിൽ തുടക്കമായി. പയ്യന്നൂർ ശാന്തി സിനിമാസിലെ രണ്ടു സ്‌ക്രീനുകളിൽ ആയി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ 16 ഫീച്ചർ സിനിമകളും 17 ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് പ്രദർശിപ്പിക്കുന്നത്.
ബോബി ശർമ്മ ബറുവയുടെ മിഷിങ്ങ് എന്ന ചിത്രത്തോടെയാണ് നാടോടി ജീവിതത്തിന് നിറം പകർന്ന ക്യാമറ കാഴ്ചകളുടെ മേളക്ക് തുടക്കം കുറിച്ചത്.ഷാനവാസ് നരണിപ്പുഴയുടെ കരി, കെ.പി.കുമാരന്റെ തോറ്റം, മോപ്പാള, മധുബനി പെയിന്റിംഗ്, കാണി, ഉരിയാട്ട്, തുടങ്ങിയ ചിത്രങ്ങളും ഉദ്ഘാടന ദിവസം പ്രദർശിപ്പിച്ചു. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയങ്ങളായ മനോജ് കാനയുടെ കെഞ്ചിര, സന്തോഷ് മണ്ടൂരിന്റെ പനി ഉൾപ്പെടെയുള്ള മലയാള സിനിമകളും മറാത്തി, അരുണാചൽ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളും മത്സരവിഭാഗത്തിലുണ്ടാവും.
ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ഉൾപ്പെട്ട ലോക സിനിമാ വിഭാഗം, അരവിന്ദന്റെ കുമ്മാട്ടി, എം. ടി. അന്നൂരിന്റെ കാൽചിലമ്പ് തുടങ്ങി വ്യത്യസ്തമേഖലകളിൽ നിന്നുള്ള സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെ അറിയപ്പെടുന്ന ഫോക് സംഗീത ട്രൂപ്പുകൾ മേളയോട് അനുബന്ധമായി പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഡലിഗേറ്റ് പാസ്സ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം .
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം.പി, സി. കൃഷ്ണൻ എം.എൽ.എ, പി.പി.ദിവ്യ തുടങ്ങിയ ജനപ്രതിനിധികളും, സിനിമാ പ്രവർത്തകരും പങ്കെടുത്തു. എ.വി.അജയകുമാർ പ്രഭാഷണം നടത്തി. കീച്ചേരി രാഘവൻ സ്വാഗതവും പത്മനാഭൻകാവുമ്പായി നന്ദിയും പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഫോക് ലോറും സിനിമയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.എസ്.വെങ്കിടേശ്വരനും വൈകിട്ട് 4.30ന് ആദരം പരിപാടി സി.വി.ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 6.30ന് നാടൻ കലാ പരിപാടികൾ അരങ്ങേറും. 21ന് വൈകിട്ട് സമാപന സമ്മേളനം സി.ജെ.കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ ഷാജി എൻ.കരുൺ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും.