കാസർകോട് : മാസ്ക്ക് ധരിക്കാത്തതിന് ചൊല്ലി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ ഡ്രൈവറും കണ്ടക്ടറും തമ്മിൽ രൂക്ഷമായ വാക്കേറ്റം. യാത്രക്കാരും ബസ് ചേർന്നതോടെ ബസിനുള്ളിൽ ബഹളമായി. കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എ ടി 382 ബസിൽ ഇന്നലെ രാത്രി 8.20 മണിക്ക് കാഞ്ഞങ്ങാട് നിന്ന് തുടങ്ങിയ വാക്കുതർക്കം നീലേശ്വരം വരെ നീണ്ടുനിന്നു. കാസർകോട് ഡിപ്പോയിൽ നിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡ്രൈവറും ബസിലെ കണ്ടക്ടറും തമ്മിൽ മാസ്കിനെ ചൊല്ലി വാക്കേറ്റം നടന്നത് യാത്രക്കാരിൽ കൗതുകമുണർത്തി. പിൻസീറ്റിൽ ഇരുന്നിരുന്ന ഡ്രൈവർ ധരിച്ച മാസ്ക് അല്പം താണ് പോയത് കണ്ടക്ടർ ചോദ്യം ചെയ്തു. അതെനിക്ക് അറിയാമെന്നു ഡ്രൈവർ മറുപടി പറഞ്ഞത് കണ്ടക്ടറെ ചൊടിപ്പിച്ചു. താൻ ഒരു ഡ്രൈവർ അല്ലേ എന്ന് തുടങ്ങി കണ്ടക്ടർ. താൻ എന്താ വഴക്ക് പറയാൻ മാത്രം ജനിച്ചതോ എന്നായി ഡ്രൈവർ. ഇരുവരും തമ്മിലുള്ള വഴക്കിൽ കക്ഷി ചേർന്ന യാത്രക്കാരിൽ ചിലരും തമ്മിലും ബസിനുള്ളിൽ വാക്കേറ്റമായി. രാവിലെ ആറു മണി മുതൽ മാസ്ക് ധരിച്ചു ജോലി തുടങ്ങി ഇപ്പോൾ ആണ് ഇറങ്ങിയതെന്ന് ഡ്രൈവർ പറയുന്നു.