തൃക്കരിപ്പൂർ: അഴുകിയ മത്സ്യം റോഡരികിൽ തള്ളിയത് പൊതുജനങ്ങൾക്ക് ദുരിതമായി. നടക്കാവ് -പടന്ന പ്രധാന റോഡിൽ ഉദിനൂർ കൊളവയൽ പ്രദേശത്താണ് മാലിന്യം നിക്ഷേപിച്ച് ദുർഗ്ഗന്ധപൂരിതമാക്കിയത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കൊളവയൽ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡരികിലാണ് അസഹനീയമായ ദുർഗന്ധം വമിക്കുന്ന ഒരു ബോക്സ് അഴുകിയ മത്തി തള്ളിയത്.

സമീപത്തെ വീടിന് മുന്നിലും പരിസരത്തും അഴുകിയ മത്സ്യം കാക്കകൾ കൊത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റോഡരികിൽ മത്സ്യം തള്ളിയതായി കണ്ടെത്തിയത്. റോഡിന്റെ ഇരു ഭാഗത്തുമായി ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. മദ്യക്കുപ്പികളും ഹോട്ടൽ മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശികാത്തതും സാമൂഹിക ദ്രോഹികൾക്ക് ഒരുപരിധിവരെ സഹായകരമാണ്. പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സാമൂഹിക വിരുദ്ധരെ കണ്ടെത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.