നീലേശ്വരം: 1987ൽ റൂറൽ ഡിസ്പെപെൻസറിയായി തുടങ്ങിയ ആതുരാലയം ഇപ്പോൾ കുടുംബാരോഗ്യ കേ ന്ദ്രമായെങ്കിലും സ്ഥലസൗകര്യം പഴയത് തന്നെ. ആദ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കരിമ്പിൽ കുഞ്ഞമ്പു ദാനമായി നൽകിയ സ്ഥലത്ത് തന്നെയാണ് ഇന്നും കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പഴയ രണ്ട് ഓട് മേഞ്ഞ കെട്ടിടത്തിൽ തന്നെയാണ് ഇന്നും പ്രവർത്തനം.
ജീവനക്കാർക്കും രോഗികൾക്കും നിന്ന് തിരിയാൻ കെട്ടിടത്തിൽ ഇടവുമില്ല. കിനാനൂർ കരിന്തളത്തിന് പുറമെ, വെസ്റ്റ്എളേരി, കയ്യൂർ-ചീമേനി, കോടോം-വേളൂർ പഞ്ചായത്ത് നിന്ന് വരെ ഇവിടെ രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട്. ദിവസവും ഔട്ട് പേഷ്യന്റ്സ് വിഭാഗത്തിൽ 200 ഓളം രോഗികൾ വരുന്നുണ്ട്.
സംസ്ഥാന സർക്കാറിന്റെ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ കെട്ടിടത്തിനായി 2 കോടി രൂപ അനുവദിച്ചെങ്കിലും കെട്ടിടം കെട്ടാനുള്ള സ്ഥലസൗകര്യം ഇവിടെ ഇല്ലെന്നാണ് കെട്ടിടവിഭാഗം അധികൃതർ പറയുന്നത്. രോഗികളെയും കൊണ്ടുവന്നാൽ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ വാഹനം നിർത്തിയിടാനുള്ള സൗകര്യവും ഇല്ല. തൊട്ടടുത്ത കരിന്തളം പാറയിൽ റവന്യൂ ഭൂമിയിൽ ആരോഗ്യ കേന്ദ്രം മാറ്റുകയാണെങ്കിൽ അവിടെ രോഗികൾക്ക് എത്തിപ്പൊടാനും വാഹനം നിർത്തിയിടാനും സൗകര്യ പ്രദമായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
കുടിവെള്ളത്തിന് ക്ഷാമം
ഇവിടെ കുടിവെള്ള ക്ഷാമമാണ് ഏറ്റവും വലിയ പ്രശ്നം. ജീവനക്കാർക്കാണെങ്കിൽ ക്വാർട്ടേഴ്സ് പോലുമില്ല. സ്വന്തമായി വാഹനവുമില്ല. ലാബ് സൗകര്യമുണ്ടെങ്കിലും സ്കാനിംഗ് തുടങ്ങി മറ്റ് പരിശോധനകൾക്ക് വെള്ളരിക്കുണ്ട്, നീലേശ്വരം ഭാഗത്തേക്ക് തന്നെ പോകേണ്ട അവസ്ഥയാണ്.