കണ്ണൂർ: കോർപ്പറേഷൻ വികസന സെമിനാർ നവനീതം ഓഡിറ്റോറിയത്തിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷം നേരിടേണ്ടി വന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പദ്ധതി വിഹിതം അനുവദിച്ചതിൽ പത്ത് ശതമാനം കുറവ് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നും ടി.ഒ. മോഹനൻ പറഞ്ഞു. തദ്ദേശ വികസന ഫണ്ടിൽ കൈയിട്ട് വാരുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് .ജനങ്ങളുടെ മനസിൽ കണ്ണൂരിന്റെ വികസനങ്ങളെ കുറിച്ച് ഒരു കാഴ്ച്ചപാടുണ്ട്. അത് ലഭ്യമായ ഫണ്ടിൽ നിന്നും നിറവേറ്റുക എന്നതാണ് കോർപ്പറേഷന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
കരട് പദ്ധി നിർദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ രാഗേഷ് അറിയിച്ചു. മൂന്നു കോടിയിലധികം അമൃത് പദ്ധതി തിരിച്ചടവിന് മാറ്റിവയ്‌ക്കേണ്ടതാണ്. ഇത്തവണ തനത് ഫണ്ടിൽ നാമമാത്രമായ തുക മാത്രമേയുള്ളൂ. പ്രധാന വരുമാനമായ വസ്തു നികുതി വാങ്ങേണ്ടെന്ന സർക്കാർ നിർദേശം തിരിച്ചടിയായി. 90 ശതമാനം നികുതി പിരിച്ചതിനു ശേഷമായിരുന്നു ഈ നിർദേശം, ഇതോടെ പിരിച്ച തുക തിരിച്ചു നൽകേണ്ട അവസ്ഥയാണ്.
പരസ്യനികുതി ഒഴിവാക്കിയതും കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ തീയേറ്റർ നികുതിയിനത്തിലെ വരുമാനം ഇല്ലാതായതും അധിക സാമ്പത്തിക ബാദ്ധ്യത ആയിരിക്കുകയാണ്. ഇതോടെ പദ്ധതി വിഹിതം കുറവാണ് ലഭിക്കുന്നതെന്നു രാഗേഷ് അറിയിച്ചു.19 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് തുടർ ചർച്ച നടന്നു. ഡെപ്യൂട്ടി മേയർ കെ. ഷബീന അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ, ഷാഹിനാ മൊയ്തീൻ, പി. ഇന്ദിര, കെ. ഷമീമ, സിയാദ് തങ്ങൾ, എൻ. സുകന്യ, സെക്രട്ടറി സാജു എന്നിവർ സംബന്ധിച്ചു.