surendran-speach
വിജയയാത്രയ്ക്ക് മുന്നോടിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മധൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രയ്ക്കും എൽ.ഡി.എഫിന്റെ വികസനമുന്നേറ്റയാത്രയ്ക്കും പിന്നാലെ ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഇന്ന് തുടക്കമാകും. യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടകനായെത്തുന്ന പരിപാടി പൊലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകരും നേതാക്കളും.

കാസർകോട് നഗരം കാവിക്കൊടികളും ബി.ജെ.പി പതാകയുമായി നിറഞ്ഞുകഴിഞ്ഞു. കന്നടയിലും മലയാളത്തിലുമായി ചെറും വലുതുമായുള്ള ഫ്ളക്സുകളും നഗരം കൈയടക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന നേതാക്കൾ ഉദ്ഘാടനചടങ്ങ് കൊഴുപ്പിക്കുന്നതിനായി ജില്ലയിലെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥിനെയും കെ.സുരേന്ദ്രനെയും സ്വാഗതം ചെയ്തുകൊണ്ട് ചിരാതും, വിളക്കുകളും തെളിയിച്ചുകൊണ്ടുള്ള 'വിജയ ദീപം' ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ പ്രവർത്തകർ തെളിയിച്ചു.

യാത്രയ്ക്ക് മുന്നോടിയായി കെ.സുരേന്ദ്രൻ ഇന്നലെ രാവിലെ മധൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നാലെ കാസർകോട് ടൗൺ ബാങ്ക് ജൂബിലി ഹാളിൽ യാത്രയുമായി ബന്ധപ്പെട്ട യോഗങ്ങളിലും പങ്കെടുത്തു. ജില്ലയിലെ ഭാഷാനൂനപക്ഷ സംഘടനകളുടേയും സാംസ്‌കാരിക നായകന്മാരുടേയും യോഗത്തിലും ജാഥാനായകൻ ങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ . ശ്രീകാന്ത്, അഡ്വ. സദാനന്ദ റൈ, രൂപവാണി ആർ ഭട്ട് , രഘുനാഥ് എന്നിവരും ഈ യോഗത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വൈകിട്ട് മൂന്നിന് സാമുദായിക സംഘടനകളുടേയും ആരാധനായ ഭാരവാഹികളുടേയും യോഗത്തിലും സുരേന്ദ്രൻ പങ്കെടുത്തു. വൈകിട്ട് 7.30ന് ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നടന്നു.

ഉദ്ഘാടനചടങ്ങിൽ കേന്ദ്ര-സംസ്ഥാന നേതൃത്വം

'അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വിജയയാത്ര ഇന്ന് വൈകിട്ട് മൂന്നിന് കാസർകോട് ടൗണിലെ താളിപ്പടുപ്പ് മൈതാനത്ത് നിന്നാണ് ആരംഭിക്കുന്നത്. പൂർണ്ണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിൽ സംഘടനാ ചുമതലയുള്ള പ്രഭാരിമാരായ സി.പി രാധാക്യഷ്ണൻ, സുനിൽ കുമാർ, ബി.ജെ.പി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കൾ,എൻ.ഡി.എ നേതാക്കൾ , കർണ്ണാടക നേതാക്കൾ എന്നിവർ പങ്കെടുക്കും. 22ന് രാവിലെ കാസർകോട്ട് നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂരിൽ കേന്ദ്രമന്ത്രി വി.കെ. സിംഗ് ഉദ്ഘാടനം ചെയ്യും.

കാസർകോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ നിന്നായി മുപ്പതിനായിരം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. മാർച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കും. ആദ്യമായി കാസർകോട്ടെത്തുന്ന യോഗി ആദിത്യനാഥിന് വൻ വരവേൽപ്പാണ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്തിന്റെ നേത്യത്വത്തിൽ ഒരുക്കുന്നത്.