തളിപ്പറമ്പ്: വികസനത്തിനും, ആരോഗ്യ മേഖലയ്ക്കും മുൻതൂക്കം നൽകി നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അവതരിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ്, ആധുനിക ഓപ്പറേഷൻ തീയേറ്റർ സമുച്ചയം എന്നിവയ്ക്ക് കിഫ് ബി മുഖേന 19.5 കോടി ചെലവഴിക്കാൻ തളിപ്പറമ്പ് നഗരസഭ-2021-22 വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഷീടാക്‌സിക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ 50 ലക്ഷവും ലൈഫ് പദ്ധതിയിൽ ഫ്‌ളാറ്റ് നിർമ്മിക്കാൻ 1 കോടി, ഗ്യാസ് ക്രിമിറ്റോറിയത്തിന് 35 ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
57,74, 17,480 രൂപയുടെ വരവും 30,63,96, 000 രൂപയുടെ ചെലവും 27,10,21480 രൂപയുടെ നീക്കിയിരിപ്പുമാണ് ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, കൗൺസിലർമാരായ സി.വി. ഗിരീശൻ, ഇ.കുഞ്ഞിരാമൻ, കെ.എം.ലത്തീഫ്, ഡി.വനജ, പി.സി.നസീർ, പി.പി.മുഹമ്മദ്‌നിസാർ, കെ. നബീസാബീവി, എം.കെ. ഷബിത, പി.റജില, കെ.വത്സരാജൻ, പി. ഷൈനി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു.