തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ സമഗ്ര വികസന രംഗത്ത് നേതൃപരമായ പങ്ക് വഹിച്ച സൗമ്യ സാന്നിദ്ധ്യം കെ. ഭാസ്കരൻ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി. മികച്ച അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ ജീവകാരുണ്യ പ്രവർത്തകൻ പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. പൊതുസേവന രംഗത്തെ മികച്ച പ്രവർത്തനം പരിഗണിച്ച് കെ.എം.സി.സി.യുടെ ജന സേവപുരസ്കാകാരം നൽകി ആദരിച്ചിരുന്നു. അന്നൂർ യു.പി.സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഭാസ്കരൻ മാസ്റ്റർ 1997 ൽ ബേക്കൽ ഫിഷറീസ് ഗവ.യു.പി.സ്കൂളിൽ നിന്ന് വിരമിച്ച ശേഷം തൃക്കരിപ്പൂരിന്റെ വികസന കാര്യങ്ങളിലെ ക്രിയാത്മക ഇടപെടൽ നടത്തി.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായ വ്യക്തിത്വമായ മാസ്റ്റർ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും സജീവമായിരുന്നു. തൃക്കരിപ്പൂരിൽ ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിനും, റെയിൽവേ വികസനം സംബന്ധിച്ച വിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടലുകളും തൃക്കരിപ്പൂർ റോട്ടറിയുടെ സ്ഥാപക പ്രവർത്തകൻ , ആക്മി സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരി, ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ വികസന സമിതി നേതാവ് എന്നീ നിലകളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയെന്ന നിലയിലും നാട്ടുകാരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായിരുന്നു ഭാസ്കരൻ മാസ്റ്ററുടേത്. മികച്ച ഒരു ഫുട്ബാൾ സംഘാടകനുമായിരുന്നു. ഇൻകം ടാക്സ് ,വിൽപന നികുതി, ജിഎസ്ടി വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. കാമ്പറത്ത് തറവാട് മാനേജിംഗ് ട്രസ്റ്റീ എന്നീ നിലകളിൽ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾക്കും ഭാസ്കരൻ മാസ്റ്റർ നേതൃത്വം നൽകി. തൃക്കരിപ്പൂർ കെ.എം.കെ.അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.
ഭാസ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ലക്ഷ്മണൻ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി പി.വി. തമ്പാൻ അനുശോചിച്ചു. കെ.എം.കെ.സ്മാരക കലാ സമിതി, ലയൺസ് ക്ലബ്ബ്, ഉദയ ചൊവ്വേരി, ഇ.കെ നായനാർ ഫുട്ബാൾ അക്കാഡമി, റോട്ടറി ക്ലബ്ബ് ,മർച്ചന്റ്സ് അസോസിയേഷൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.