over-bridge
കോട്ടച്ചേരി സർക്കിളിൽ നടക്കുന്ന മണ്ണു പരിശോധന.

കാഞ്ഞങ്ങാട്:നഗരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി നിർമ്മിക്കുന്ന ഫ്‌ളൈഓവറിനായി മണ്ണു പരിശോധന തുടങ്ങി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ സാങ്കേതിക സഹകരണത്തോടെ കാഞ്ഞങ്ങാട്ട് നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഫ്‌ളൈഓവർ.

കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും പൂർണ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി രണ്ടു വർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചത്.79. 88 കോടി ചെലവിൽ കിഫ്ബിയാണ് പാത നിർമിക്കുന്നത്. കാഞ്ഞങ്ങാട് കൈലാസ് റോഡ് ജങ്ഷൻ മുതൽ നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക് നീളുന്നതാണ് മേൽപാത.

നഗരത്തിനു പുറത്തേക്കു പോകുന്ന വാഹനങ്ങളാണ് ഫ്‌ളൈഓവർ വഴി പോവുക. ആംബുലൻസുകൾ, ചരക്കു വാഹനങ്ങൾ എന്നിവയെല്ലാം മേൽപാതവഴി കടന്നു പോകും.

നിലവിലുള്ള ഡിവൈഡറുകൾക്ക് മുകളിലൂടെ രണ്ടര മീറ്റർ വീതിയിൽ തൂണുകൾ നിർമിച്ച് അതിനു മുകളിലാണ് മേൽപാത നിർമ്മിക്കുന്നത്.ഇരുവശത്തുകൂടിയുള്ള നിലവിലുള്ള ഗതാഗതത്തിന് തടസ്സം വരാതെയാണ് മേൽപാതയുടെ നിർമാണം. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കും പൂർണമായി ഒഴിവാകും. കച്ചവടസ്ഥാപനങ്ങൾക്കു മുന്നിൽ മണിക്കൂറുകളോളം തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ കൂറ്റൻ നിരയും ഇല്ലാതാകും. കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കുമെല്ലാം പുതിയ സംവിധാനം അനുഗ്രഹമാകും. റോഡപകടങ്ങളും കുറയും. കെ.എസ്.ടി.പി റോഡിന്റെ നിർമിതിയോടെ വാഹനങ്ങൾ വേഗം കൂട്ടി ഓടുന്നുവെന്നും അപകടം കൂടുന്നുവെന്ന പരാതിക്കും പരിഹാരമാകും.ഫ്‌ളൈഓവർ നിർമ്മാണത്തിന്റെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി. അതിന്റെ മുന്നോടിയായാണ് മണ്ണു പരിശോധന നടത്തുന്നത്.