ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റോഡിൽ ഉളിയിൽ ഗവ.യു.പി സ്‌കൂളിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. മലയാറ്റൂർ ദേവാലയത്തിൽ തീർത്ഥാടനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വാണിയപ്പാറയിലെ ഒരു കുടുംബം സഞ്ചരിച്ച കാറും മട്ടന്നൂർ ഭാഗത്തേക്ക് ചെങ്കൽ കയറ്റി പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വാണിയപ്പാറ സ്വദേശികളായ വിൽസൻ (53), ഭാര്യ ലാലി (49), മക്കളായ നിഖിൽ (30), ലിബിൻ (29), അലക്സ് (14), ലിയ, മകളുടെ ഭർത്താവ് ഐറിൻ (26) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പായം ചീങ്ങാക്കുണ്ടം സ്വദേശി ബിജുവിനും പരിക്കേറ്റു. ഇടിയുടെ അഘാതത്തിൽ കാറിനകത്ത് കുടുങ്ങിയ വരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ച് ആശുപത്രിലേക്ക് മാറ്റിയത്. അപകടത്തിൽ കാർ മുഴുവനായും ലോറി യുടെ മുൻ ഭാഗവും തകർന്നു. മട്ടന്നൂർ പൊലീസും സ്ഥലത്തെത്തി.