കണ്ണൂർ : സംസ്ഥാന ചലച്ചിത്ര അക്കാഡമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്. കെയുടെ തലശേരി പതിപ്പിന് നാളെ തിരിതെളിയും. തലശേരി ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുമെന്ന് അക്കാഡമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27 വരെയാണ് മേള. കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ.എൻ. ഷംസീർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നോവലിസ്റ്റ് എം. മുകുന്ദൻ, ചലച്ചിത്ര സംവിധായകരായ ടി.വി. ചന്ദ്രൻ, കെ.പി. കുമാരൻ എന്നിവർ ഓൺലൈനിൽ ആശംസ നേരും.
ആറ് തിയേറ്ററുകളിൽ അഞ്ചു ദിവസങ്ങളിലായി 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രമായ ക്വാ വാഡിസ് ഐഡ പ്രദർശിപ്പിക്കും. ബോസ്‌നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ചുരുക്കപട്ടികയിൽ സ്ഥാനം പിടിച്ചതുമാണ്. മത്സര വിഭാഗത്തിൽ ആദ്യം ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത 'ദി നെയിംസ് ഒഫ് ദി ഫ്ലവേഴ്‌സാ"ണ് പ്രദർശിപ്പിക്കുക. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ 'ദിസ് ഈസ് നോട്ട് എ ബറിയൽ", ഇറ്റ്‌സ് എ റെസ്രക്ഷൻ, റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിംഗ്, ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്നീ മത്സരചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
ലോക സിനിമാ വിഭാഗത്തിൽ യെല്ലോ ക്യാറ്റ്, സമ്മർ ഒഫ് 85 എന്നിവയും പ്രദർശിപ്പിക്കും. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഒഫ് ദി കിംഗ്സ്, ഷൂജൻ വീയുടെ സ്‌ട്രൈഡിങ് ഇന്റു ദി വിൻഡ്, നീഡിൽ പാർക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേൽ ചിത്രം ലൈല ഇൻ ഹൈഫ എന്നിവയും പ്രേക്ഷകർക്ക് ആസ്വദിക്കാനാവും. വാർത്താസമ്മേളത്തിൽ വി.കെ. ജോസഫ്, പ്രദീപ് ചൊക്ളി എന്നിവരും സംബന്ധിച്ചു.
കെ.പി. കുമാരന്റെ ആശാൻ സിനിമയും പ്രദർശനത്തിന്
കെ.പി. കുമാരൻ സംവിധാനം ചെയ്യുന്ന കുമാരനാശാന്റെ ജീവിതം പറയുന്ന ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലും പ്രദർശിപ്പിക്കും. മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കി, റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്‌ഡോംങ് ചിത്രം ഒയാസിസ്, ഗൊദാർദ് ചിത്രം ബ്രെത്‌ലെസ് എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.
ഈയിടെ അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ കിംകി ഡുക് ഉൾപ്പടെയുള്ളവർക്ക് സ്മരണാഞ്ജലിയർപ്പിച്ചു കൊണ്ടുള്ള ഹോമേജ് വിഭാഗത്തിൽ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും.