
ഏഴിമല: ഏഴിമല നാവിക അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച സഹായധനം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് കഴിഞ്ഞ അദാലത്തിൽ പറഞ്ഞിട്ടും ആർക്കും ഒന്നും കിട്ടിയില്ല. ഇനി ആരുടെ മുന്നിൽ കൈ നീട്ടണമെന്നാണ് അവർ ചോദിക്കുന്നത്. മന്ത്രിമാർ പങ്കെടുത്ത അദാലത്തിലെ ഉത്തരവിനും പുല്ലുവില. ഉത്തരവുണ്ടെങ്കിലും കളക്ടറേറ്റിൽ നിന്നും ഫണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി.
പരാതിക്കാർക്കനുകൂലമായി കോടതി ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നൽകാനായി സർക്കാർ ഫണ്ടനുവദിച്ചിട്ടും ഇതുവിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് പരാതികളുമായി നിരവധി പേർ അദാലത്തിലെത്തിയത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ നാലിന് നടത്തിയ തളിപ്പറമ്പ് പയ്യന്നൂർ താലൂക്ക് അദാലത്തിലായിരുന്നു നഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഉത്തരവിട്ടത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പരാതികളിൽ കോടതി വിധിയായതും 28 എ3 പ്രകാരം ഓർഡറായതുമായ അപേക്ഷകളിൽ രണ്ടഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഉത്തരവ്. ഇരുപതോളം പേരുടെ പരാതികൾ ഒന്നിച്ച് പരിഗണിച്ചുകൊണ്ടായിരുന്നു മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയത്.
ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്ക് കുടിയൊഴിപ്പിക്കപ്പെട്ടവർ പരാതിയും നൽകിയിരുന്നു.
കൈമലർത്തി തഹസിൽദാർ ഓഫീസ്
അദാലത്തിൽ അനുകൂല വിധി നേടിയ കുടിയൊഴിപ്പിക്കപ്പെട്ടവർ ഫണ്ട് വിതരണം ചെയ്യേണ്ട തലശേരിയിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഓഫീസ് കൈമലർത്തുകയായിരുന്നു. 2019 നവംബർ മുതൽ കഴിഞ്ഞവർഷം മേയ് വരെ മൂന്നു ഘട്ടങ്ങളിലായി അവാർഡ് തുകയിനത്തിൽ സർക്കാർ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാൽ കാലഹരണപ്പെട്ടിരുന്നു.
തലശേരിയിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥർ ഉദാസീനത കാണിക്കുന്നതായി ആക്ഷേപവുമുയർന്നിരുന്നു.