ചെറുവത്തൂർ: തരിശ് രഹിത പ്രദേശമായി പഞ്ചായത്തിനെ മാറ്റിയെടുത്തു കൊണ്ട്, കാർഷിക മേഖലക്ക് പ്രാധാന്യം നൽകി പിലിക്കോട് ഗ്രാമപ്പഞ്ചായത്തിന്റെ ബഡ്ജറ്റ്. മുൻബാക്കി ഉൾപ്പെടെ 22,71,98,963 രൂപ വരവും 21,94,79,350 രൂപ ചെലവും 77,19,618 രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഏളാട്ട് കൃഷ്ണൻ അവതരിപ്പിച്ചു. ഉത്പാദന മേഖലയിൽ 51,54,500 രൂപയും സേവനമേഖലയിൽ 1,00,65,500 രൂപയും പാശ്ചാത്തല വികസനത്തിനായി 2,84,13,00 രൂപയും പട്ടികജാതി വികസനത്തിന് 34,22,000 രൂപയും പട്ടിക വർഗ വികസനത്തിനായി 2,35,000 രൂപയും നീക്കിവച്ചു.
ദുർബല ജനവിഭാഗങ്ങളടെ ഉന്നമനത്തിനായി സമ്പൂർണ ലൈഫ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും. മണ്ണ്-ജല പരിശോധന, സമഗ്ര കുടിവെള്ള വിതരണ പദ്ധതി, വനിതാ ക്ഷേമം, മാലിന്യത്തിൽ നിന്നും മോചനത്തിനായി ക്ലീൻ പിലിക്കോട് തുടങ്ങി ഒട്ടേറേ പദ്ധതികൾ ബഡ്ജറ്റിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി. വിജയൻ, സി.വി. ചന്ദ്രമതി, വി.വി. സുലോചന, അംഗങ്ങളായ പി.വി. ചന്ദ്രൻ, കെ. നവീൻകുമാർ, കെ. ഭജിത്ത്, രവീന്ദ്രൻ മാണിയാട്ട്, സി.വി. രാധാകൃഷ്ണൻ, സെക്രട്ടറി കെ. രമേശൻ സംസാരിച്ചു.