choyichi
ജില്ലാ മാസ്റ്റേർസ് അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യനായ ചോയിച്ചിക്ക് കോച്ച് കെ.വി.ഗോപാലൻ ഉപഹാരം നൽകുന്നു.

തൃക്കരിപ്പൂർ: ഇന്നലെ തൃക്കരിപ്പൂർ ഗവൺമെന്റ് ഹൈസ്‌കൂൾ മിനി സ്റ്റേഡിയത്തിൽ നടന്ന ഏഴാമത് മാസ്റ്റേഴ്സ് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബന്തുടക്കയിലെ 70കാരി ചോയിച്ചി താരമായി. 5000 മീറ്റർ നടത്തം, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കി പ്രായത്തെ മറന്ന പ്രകടനത്തോടെ ചോയിച്ചി മലപ്പുറത്ത് നടക്കുന്ന സംസ്ഥാന മീറ്റിൽ പങ്കെടുക്കാൻ അർഹത നേടി.

മകളും കുണ്ടംകുഴി സ്‌കൂൾ കായികാദ്ധ്യാപികയുമായ വാസന്തിയുടെ ശിക്ഷണവും പ്രോത്സാഹനവുമാണ് ഈ മുത്തശ്ശിക്ക് ട്രാക്കിൽ മികവ് പുലർത്താൻ തുണയായത്. സംസ്ഥാന തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ-അന്തർ ദേശീയ മത്സരങ്ങളിലും പങ്കെടുക്കുകയാണ് ചോയിച്ചിയുടെ ലക്ഷ്യം.

87 വയസുള്ള എൻ. രാഘവനും 70 പിന്നിട്ട കെ.എ.വി. നാരായണനുമടക്കം 119 താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ടി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലൻ പതാക ഉയർത്തി. ടി.കെ. ബാലകൃഷ്ണൻ, കെ.വി. ഗംഗാധരൻ, എള്ളത്ത് കുഞ്ഞികൃഷ്ണൻ സംസാരിച്ചു.